മുംബൈ: എയര്‍ ഇന്ത്യ കമ്പനിയിലെ എയര്‍ഹോസ്റ്റസായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി പോലീസ് സേറ്റേഷനില്‍ ജീവനൊടുക്കി. വിക്രം അത്വാള്‍ (40) ആണ് അന്തേരി പോലീസ് സ്റ്റേഷനിലെ സെല്ലില്‍ തൂങ്ങി മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഇയാളെ മൂന്നു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇന്ന് തിരികേ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ആത്മഹത്യ. ഇയാള്‍ ധരിച്ചിരുന്ന പാന്റ് അഴിച്ചെടുത്താണ് തൂങ്ങി മരിക്കാന്‍ ഉപയോഗിച്ചത്.
സെപ്റ്റംബര്‍ മൂന്ന് പുലര്‍ച്ചെയാണ് രൂപാല്‍ ഓഗ്രെ (24) എന്ന് എയര്‍ ഹോസ്റ്റസിനെ മുംബൈ അന്ധേരിയിലെ ഫ്‌ളാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃത്യം നടന്ന് മണിക്കൂറുകള്‍ക്കകം പോലീസ് പ്രതിയായ വിക്രമിനെ പിടിച്ചിരുന്നു. ശുചീകരണ തൊഴിലാളിയായ ഇയാള്‍ രൂപാല്‍ അവിടെ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി ഫ്‌ളാറ്റിലേക്ക് അതിക്രമിച്ച് കയറുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാളുടെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച യുവതിയെ ഇയാള്‍ കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം ടോയ്ലെറ്റിലേക്ക് മാറ്റുകയും ഫ്ളാറ്റ് തുടച്ച് വൃത്തിയാക്കിയ ശേഷം രക്ഷപ്പെടുകയും ചെയ്തു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവില്‍ രണ്ട് ദിവസത്തിനകം ഇയാള്‍ അറസ്റ്റിലായി.
പഞ്ചാബ് സ്വദേശിയായ ഇയാള്‍ 12 വര്‍ഷം മുന്‍പേയാണ് മുംബൈയില്‍ എത്തിയത്. വിവധ സ്ഥലങ്ങളില്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് ഭാര്യയും രണ്ട് മക്കളുമാണ് ഉള്ളത്.
ഛത്തീസ്ഗഡ് സ്വദേശിയായ രൂപാല്‍ ഒഗ്രേ എയര്‍ ഇന്ത്യയുടെ പരിശീലനത്തിനായി ഏപ്രിലിലാണ് മുംബൈയിലെത്തിയത്. മരോലിലെ ഫ്ളാറ്റില്‍ സഹോദരിക്കും ഇവരുടെ ആണ്‍സുഹൃത്തിനും ഒപ്പമായിരുന്നു യുവതിയുടെ താമസം. ഫ്ളാറ്റിലുണ്ടായിരുന്ന മറ്റ് രണ്ട് പേരും എട്ട് ദിവസം മുന്‍പ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഞായറാഴ്ച രാവിലെയാണ് രൂപാല്‍ അവസാനമായി കുടുംബത്തോട് സംസാരിച്ചത്. അതിനാല്‍ ഞായറാഴ്ച ഉച്ചയ്ക്കും തിങ്കളാഴ്ച പുലര്‍ച്ചയ്ക്കും ഇടയിലാകാം കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. പിന്നീട് പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഫ്‌ളാറ്റിലെ കെയര്‍ടേക്കറെ വിവരം അറിയിച്ചു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Discussion about this post