കൊൽക്കത്ത: ജി20 ഉച്ചകോടിയുടെ വിജയത്തിനായി ഗംഗാ ആരതി നടത്തി പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിലാണ് ഗവർണർ വെള്ളിയാഴ്ച കൊൽക്കത്തയിലെ ബാബുഘാട്ടിൽ എത്തി ആരതി നടത്തിയത്.
” ജി 20 യിൽ രാജ്യത്തിന്റെ മികവ് ലോകത്തിന് മുൻപിൽ പ്രദർശിപ്പിക്കാനുള്ള ദൗത്യം ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു. ജി20 യുടെ വിജയത്തിനും ഇന്ത്യയുടെയും പശ്ചിമ ബംഗാളിന്റെയും വിജയത്തിനും വേണ്ടിയാണ് ഗംഗാ ആരതി നടത്തിയത് അദ്ദേഹം പറഞ്ഞു.
സെപ്തംബർ 9, 10 തീയതികളിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്കായി തലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. ഡൽഹിയിലെ പ്രഗതി മൈതാനിയിൽ പുതുതായി ഉദ്ഘാടനം ചെയ്ത ഭാരത് മണ്ഡപം കൺവെൻഷൻ സെന്ററിലാണ് ഉച്ചകോടി നടക്കുക. ഉച്ചകോടിയിൽ പങ്കെടുക്കാനായി അതിഥികൾ ഡൽഹിയിൽ എത്തിത്തുടങ്ങി. ആദ്യമായിട്ടാണ് ജി20 ഉച്ചകോടിയ്ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്.
ലോകരാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യയുടെ പാരമ്പര്യവും ശക്തിയും പ്രദർശിപ്പിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുളളത്. നൈജീരിയ, അർജന്റീന, ഇറ്റലി, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, യുണൈറ്റഡ് കിംഗ്ഡം, ജപ്പാൻ സൗദി അറേബ്യ, റിപ്പബ്ലിക് ഓഫ് കൊറിയ, ഈജിപ്ത്, ഓസ്‌ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ, ചൈന, യു.എ.ഇ, ബ്രസീൽ, ഇന്തോനേഷ്യ, ടർക്കി സ്‌പെയിൻ, ജർമ്മനി, ഫ്രാൻസ്, മെക്‌സിക്കോ, യൂറോപ്യൻ യൂണിയൻ, കൂടാതെ സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ തലവന്മാരും നയതന്ത്ര ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും വാരാന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കില്ല. എന്നാൽ ഉച്ചകോടിയിൽ ചൈനയെ പ്രതിനിധീകരിച്ച് ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങും റഷ്യയെ പ്രതിനിധീകരിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Discussion about this post