മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് നായകനായ ജവാന്‍ ഇന്ത്യന്‍ സിനിമ ചരിത്രത്തിലേ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നോട്ട് കുതിക്കുന്നു. ഇതുവരെയുള്ള കണക്കെടുത്താല്‍ ഒരു ഇന്ത്യന്‍ ചിത്രത്തിനു ലഭിച്ച ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ജവാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിവസം 100 കോടി ക്ലബില്‍ കയറിയ ചിത്രം രണ്ടാം ദിവസം തന്നെ 200 കോടിയും കടക്കുമെന്നാണ് സൂചന.
റിലീസിന് മുന്‍പേ ആരാധകര്‍ ആഘോഷമാക്കിയ ചിത്രമാണ് ജവാന്‍. പ്രതീക്ഷകള്‍ തെറ്റിക്കാതെ ലോകമെമ്പാടും വന്‍ സ്വീകര്യത ചിത്രത്തിന് ഇതിനോടകം ലഭിച്ച് കഴിഞ്ഞു. ചിത്രം റിലീസ് ചെയ്തത് മുതല്‍ ആര്‍പ്പ് വിളികളും നൃത്തങ്ങളുമായി തീയേറ്ററുകള്‍ പൂരപ്പറമ്പാക്കുകയാണ് ആരാധകര്‍. എത്ര കണ്ടാലും മതി വരാത്ത കിംഗ് ഖാന്‍ മാജിക്, പ്രേക്ഷക ഹൃദയം കവര്‍ന്നപ്പോള്‍ ആദ്യ ദിനം തന്നെ 129.6 കോടി നേടി വീണ്ടും ആഗോള ബോക്സ് ഓഫീസില്‍ ഷാരൂഖ് നിലയുറപ്പിച്ചു.
ഇന്ത്യയിലും വിദേശത്തുമായി ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി ഇതോടെ ജവാന്‍ മാറി. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗ് ആണിത്. 75 കോടി രൂപയാണ് റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ ഇന്ത്യയില്‍ മാത്രം ജവാന്‍ നേടിയത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ജവാന്‍ ഹിന്ദിയില്‍ 65 കോടി രൂപയും തമിഴിലും തെലുങ്കിലും 5 കോടി രൂപ വീതവും നേടിയതായി ഏകദേശ കണക്കുകള്‍ സൂചിപ്പിക്കുന്നു. വാരാന്ത്യമായതിനാല്‍ കൂടുതല്‍ ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.
ഷാരൂഖിന്റെ തന്നെ വന്‍ ഹിറ്റായ പത്താന്റെ റെക്കോര്‍ഡ് തകര്‍ത്താണ് ജവാന്‍ മുന്നേറുന്നത്. 57 കോടിയായിരുന്നു പത്താന്റെ ആദ്യ ദിവസ ബോക്‌സോഫീസ് കളക്ഷന്‍. പത്താന് ലഭിച്ചതിനേക്കാള്‍ 19.09 ശതമാനം കൂടുതലാണ് ഇപ്പോള്‍ ജവാന്‍ സ്വന്തമാക്കിയിരിക്കുന്നത്.
അറ്റ്ലി സംവിധാനം ചെയ്ത ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങി. നയന്‍താര, വിജയ് സേതുപതി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മയും ചേര്‍ന്ന് നിര്‍മിക്കുന്ന ‘ജവാന്‍’ ഐഎ ഫിലിംസും യഷ് രാജ് ഫിലിംസും ചേര്‍ന്ന് വിതരണത്തിന് എത്തിക്കുന്നു. ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.
Discussion about this post