ന്യൂഡൽഹി: ഇന്ത്യ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന ജി 20 ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കമായിരിക്കുകയാണ്. വസുധൈവ കുടുംബകം എന്ന ആശയം മുൻനിർത്തിയാണ് ഉച്ചകോടി നടക്കുന്നത്. ലോകം മുഴുവൻ ഭാരതത്തിലേക്ക് ഉറ്റുനോക്കുമ്പോൾ പതിവുപോലെ ജല്പനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധി. യൂറോഫ്യൻ ടൂറിനിടെയാണ് മാദ്ധ്യമങ്ങളെ വിളിച്ചുകൂട്ടിയുള്ള രാഹുലിന്റെ വിമർശനം.
ഭാരതത്തിൽ ന്യൂനപക്ഷ സമുദായങ്ങൾ നിരന്തരം ആക്രമിക്കപ്പെടുകയാണെന്നും വിവേചനം നേരിടുന്നതായും രാഹുൽ ആരോപിക്കുന്നു.ഇന്ത്യ വിരുദ്ധ പ്രമേയം അവതരിപ്പിച്ച യൂറോപ്യൻ യൂണിയൻ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രാഹുലിന്റെ ഈ പ്രസ്താവന. യൂറോപ്യൻ യൂണിയൻ പാർലമെന്റംഗങ്ങളായ അൽവിന അലമെറ്റ്‌സയുമായും പിയറി ലാറൗട്ടുറോയുമായുമാണ് രാഹുൽ കൂടിക്കാഴ്ച നടത്തിയത്.
അതേസമയം രാഹുലിന്റെ വിദേശടൂറുകളിലെ ഇന്ത്യ വിരുദ്ധ ശക്തികളുടെ സാന്നിദ്ധ്യമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നത്. രാഹുലിന്റെ ചൈനീസ് ചങ്ങാത്തത്തിന് പുറമേയാണ് രാജ്യവിരുദ്ധ ശക്തികളോടുള്ള ഈ പ്രീണനം. രാഹുൽ അതിർത്തിക്കകത്തും പുറത്തുമുള്ള രാജ്യവിരുദ്ധ കൂട്ടുകൾ ശക്തിപ്പെടുത്തി അധികാരം പിടിക്കാനുള്ള പടയൊരുക്കം നടത്തുകയാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.








