ഡെഹറാഡൂണ്‍: പ്രളയത്തില്‍ തകര്‍ന്ന ഉത്തരാഖണ്ഡിന് കൈത്താങ്ങുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 25 കോടി രൂപ സംഭാവന നല്‍കി. റിലയന്‍സ് ഡയറക്ടര്‍ ആനന്ദ് അംബാനിയാണ് കമ്പനിയെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കിയത്.
“ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്കായി വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഈ സംഭാവന പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി. 10 വര്‍ഷത്തിലേറെയായി സംസ്ഥാനത്തിന്റെ വിവിധ വിദ്യാഭ്യാസ സാമൂഹിക വികസന സംരംഭങ്ങളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്”, ആനന്ദ് അംബാനി പറഞ്ഞു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിത്. തുക ലഭിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അംബാനി കുടുംബത്തിന് നന്ദി അറിയിച്ചു.
റിലയന്‍സ് ഇന്‍ഡസ്ട്രീസും വ്യക്തിപരമായി അംബാനി കുടുംബവും വര്‍ഷങ്ങളായി ഉത്തരാഖണ്ഡിന് സാമ്പത്തിക സഹായങ്ങള്‍ ചെയ്യാറുണ്ട്. 2020 ഒക്ടോബറില്‍, കോവിഡ് ലോക്ക്ഡൗണ്‍ മൂലമുണ്ടായ നഷ്ടം നേരിടാന്‍ ചാര്‍ധാം ദേവസ്ഥാനം ബോര്‍ഡിന് ആനന്ദ് അംബാനി 5 കോടി രൂപ സംഭാവന നല്‍കിയിരുന്നു.
കൂടാതെ, 2021ല്‍ റിലയന്‍സ് ഫൗണ്ടേഷന്‍ 5 കോടി രൂപ കൂടി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി കഴിഞ്ഞ വര്‍ഷം ബദരീനാഥിലെയും കേദാര്‍നാഥിലെയും ക്ഷേത്ര കമ്മിറ്റികള്‍ക്കും 2.5 കോടി രൂപ വീതവും സംഭാവന നല്‍കിയിരുന്നു.
Discussion about this post