ന്യൂഡൽഹി: താജ് മഹൽ സന്ദർശിച്ച് ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ കുടുംബം. ജി20 ഉച്ചകോടിയ്ക്കായി ഡൽഹിയിൽ എത്തിയതിന് തൊട്ട് പിന്നാലെയായിരുന്നു ജോക്കോയുടെ ഭാര്യയും മകനും താജ് മഹൽ സന്ദർശിച്ചത്. ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
ഭാര്യ എറിന ഗുഡ്‌നോ, മകൻ കയേസാംഗ് പംഗരേപ് എന്നിവർക്കൊപ്പമാണ് വിഡോഡോ ഡൽഹിയിൽ എത്തിയത്. വെള്ളിയാഴ്ചയായിരുന്നു അദ്ദേഹം രാജ്യത്ത് എത്തിയത്. തുടർന്ന് വിശ്രമിച്ച ശേഷം കുടുംബം താജ് മഹൽ സന്ദർശിക്കുകയായിരുന്നു. താജ് മഹലിന് മുൻപിൽ നിന്നും പരിസരങ്ങളിൽ നിന്നും നിരവധി ചിത്രങ്ങളാണ് ഇവർ പകർത്തിയിരിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിലും ഇവർ പങ്കുവച്ചിട്ടുണ്ട്. ഇന്തോനേഷ്യയിലെ പ്രമുഖ സംരംഭകയും യൂട്യൂബറുമാണ് എറിന ഗുഡ്‌നോ. എറിനയുടെയും ജോക്കോയുടെയും മൂന്നാമത്തെ മകനാണ് കയേസാംഗ് പംഗരേപ്.
രാജ്യത്ത് എത്തിയ ജോക്കോ വിഡോഡോയെ വിദേശകാര്യ സഹമന്ത്രി ശന്ത്‌നു താക്കൂറാണി വിമാനത്താവളത്തിൽ നിന്നും സ്വീകരിച്ചത്. ആസിയാൻ ഉച്ചകോടിയ്ക്കായി പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ജക്കാർത്തയിലേക്ക് പോയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ജി20യ്ക്കായുള്ള ജോക്കോ വിഡോഡോയുടെ വരവ്. ശനിയും ഞായറുമായി രണ്ട് ദിവസമാണ് ഉച്ചകോടി. ജി20 പൂർത്തിയായ ശേഷം മറ്റ് സ്ഥലങ്ങളും കുടുംബ സമേതം ഇന്തോനേഷ്യൻ പ്രസിഡന്റ് സന്ദർശിക്കുമെന്നാണ് സൂചന.
Discussion about this post