രാംപൂർ: രാജ്യത്ത് സനാതനധർമ്മത്തിനെതിരെ തുടർന്നുവരുന്ന ആക്രമണങ്ങൾക്ക് എതിരെ കടുത്ത പ്രതികരണവുമായി മുതിർന്ന ബി ജെ പി നേതാവ് മുക്തർ അബ്ബാസ് നഖ് വി. രാജ്യത്തെ ഒരു രീതിയിലും തകർക്കാനാവാത്തതിൽ നിരാശ പൂണ്ട ഒരു കൂട്ടം ആളുകളാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. അതൊരു ഫാഷൻ ആയി കണക്കാക്കിയിരിക്കുകയാണ് ഇക്കൂട്ടർ. എന്നാൽ അത് അവർക്ക് തന്നെ വിനയാകുമെന്നും തിരിച്ചടി നേരിടുന്ന കാലം വിദൂരമല്ല എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ബി ജെ പി രാജ്യവ്യാപകമായി നടത്തുന്ന ‘മേരി മാതി, മേരാ ദേശ്’ എന്ന ക്യാമ്പെയ്നിൽ പങ്കെടുത്തു സംസാരിക്കുമ്പോൾ ആയിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.ഭൂമിയിൽ ഏറ്റവുമധികം പഴക്കമുള്ള വിശ്വാസവും പാരമ്പര്യവുമാണ് ഭാരതത്തിൻ്റേത്. ക്രൂരമായ പല ആക്രമണങ്ങളെയും രാജ്യത്തിനു നേരിടേണ്ടി വന്നിട്ടുണ്ട്. അളവില്ലാത്തത്ര സമ്പത്ത് ഈ ആക്രമണകാരികൾ കൊള്ള ചെയ്തു കൊണ്ടുപോയി. എന്നാൽ അവർക്ക് പോലും മഹത്തായ സനാതനധർമ്മത്തെയും രാജ്യത്തിൻ്റെ സംസ്കാരത്തെയും നശിപ്പിക്കാൻ സാധിച്ചില്ല.സനാതനധർമ്മമാണ് ഭാരതത്തിൻ്റെ ആത്മാവ്. അതില്ലാതാക്കാൻ നോക്കുന്നത് ഈ രാജ്യം നശിച്ചു കാണണമെന്നുള്ള മാനസികരോഗത്തിൻ്റെ ലക്ഷണമാണ്.
ഇന്ന് ലോകം മുഴുവൻ ഭാരതത്തിൻ്റെ പ്രാധാന്യവും സനാതനധർമ്മത്തിൻ്റെ മഹത്വവും മനസ്സിലാക്കുന്നു. എന്നാൽ കോൺഗ്രസ്സും അതിൻ്റെ നേതാക്കന്മാരും വിദേശത്തു ചെന്ന് രാജ്യത്തിനെതിരെയുള്ള പരാമർശങ്ങൾ നടത്തുന്നു. തെറ്റിദ്ധാരണകളുടെ വ്യാപാരികളും ഗൂഢാലോചനകൾ കരാർ ഏറ്റെടുത്തിരിക്കുന്നവരും അടങ്ങുന്ന സംഘം എന്ന് രാഹുൽ ഗാന്ധിയെയും പ്രതിപക്ഷകക്ഷികളെയും അദ്ദേഹം പരിഹസിച്ചു.
പ്രതിപക്ഷം നടത്തുന്ന ഈ ആക്രമണങ്ങൾ ഒന്നും യാദൃശ്ചികമല്ല. കൃത്യമായ ആസൂത്രണത്തോടെ നടത്തുന്ന പരാമർശങ്ങളാണ്. മന:പൂർവ്വം നടത്തുന്ന ഈ ആക്രമണങ്ങൾക്ക് എതിരെ ശക്തമായി പ്രതികരിക്കേണ്ട കടമ നമുക്കുണ്ട്. വൻ വിവാദങ്ങൾ ദേശീയതലത്തിൽ ഉയർത്തിയ ഉദയനിധി സ്റ്റാലിൻ്റെ സനാതനധർമ്മം ഉന്മൂലനം ചെയ്യണമെന്ന ആഹ്വാനത്തിനും അതിനെ അനുകൂലിച്ച മറ്റു നേതാക്കളുടെ വിവാദപരാമർശങ്ങൾക്കും മറുപടിയായിരുന്നു മുക്തർ അബ്ബാസ് നഖ് വി നടത്തിയത്.
Discussion about this post