ന്യൂഡൽഹി: ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഭാര്യ അക്ഷത മൂർത്തിയ്‌ക്കൊപ്പമായിരുന്നു രാവിലെ അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. ദർശനത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിലും പരിസരത്തും അതീവ സുരക്ഷ ഒരുക്കിയിരുന്നു.
ഋഷി സുനകിനെയും അക്ഷതയെയും ക്ഷേത്രം അധികൃതർ സ്വീകരിച്ചു. ക്ഷേത്രത്തിലേക്ക് എത്തുമ്പോൾ മഴ ചാറുന്നുണ്ടായിരുന്നു. സ്വയം കുട പിടിച്ചാണ് ക്ഷേത്രത്തിലേക്ക് ഇവർ നടന്നത്. സൽവാർധരിച്ചായിരുന്നു അക്ഷത എത്തിയത്. കുടുംബാംഗവും ഒപ്പമുണ്ടായിരുന്നു.
ഒരു മണിക്കൂറിലധികമാണ് ഇരുവരും ക്ഷേത്രത്തിൽ ചിലവഴിച്ചത്. പ്രാർത്ഥനയ്ക്ക് ശേഷം ഇരുവരും ആരതി പൂജ നടത്തി. ഇതിന് ശേഷം സന്യാസിവര്യരുമായി അദ്ദേഹം സംവദിച്ചു. ക്ഷേത്രം മുഴുവൻ ചുറ്റി നടന്ന് കണ്ടതിന് ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്. അധികൃതർ ക്ഷേത്രത്തിന്റെ ചെറിയ മതൃക ഋഷി സുനകിനും അക്ഷതയ്ക്കും സമ്മനമായി നൽകുകയും ചെയ്തു.
ബ്രിട്ടീഷ് പ്രധാനമന്ത്രിയും അതീവ സന്തോഷത്തിലായിരുന്നുവെന്ന് അക്ഷർധാം ക്ഷേത്ര ഡയറക്ടർ ജ്യോതീന്ദ്ര ദേവ് പറഞ്ഞു. ക്ഷേത്രത്തിലെ ഓരോ നിമിഷവും അവർ ആസ്വദിച്ചു. പ്രാർത്ഥിച്ച ശേഷം ഇരുവരും വിവിധ പൂജകൾ നടത്തി. ആരതി പൂജയും നടത്തി. ഇതിന് ശേഷം തങ്ങൾ ക്ഷേത്രം മുഴുവൻ ചുറ്റി കാണിച്ചു. ക്ഷേത്രത്തിന്റെ ചെറിയ രൂപം സമ്മാനമായി നൽകി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post