ന്യൂഡൽഹി: അടുത്ത ജി20 ഉച്ചകോടിയ്ക്ക് ബ്രസീൽ വേദിയാകും. അദ്ധ്യക്ഷസ്ഥാനം ഇന്ത്യ ബ്രസീലിന് കൈമാറി. ഇതോടെ ജി20 ഉച്ചകോടിയ്ക്ക് സമാപനമായി.
ഉച്ചകോടിയുടെ സമാപന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവയ്ക്ക് അദ്ധ്യക്ഷ സ്ഥാനം കൈമാറിയത്. അതേസമയം സ്ഥാനം കൈമാറിയെങ്കിലും നവംബർവരെ അദ്ധ്യക്ഷത വഹിക്കുക ഇന്ത്യയാകും. ഉച്ചകോടിയുടെ ഭാഗമായി നടന്ന ചർച്ചകളെക്കുറിച്ചും പരിപാടികളെക്കുറിച്ചും നവംബറിൽ രാജ്യങ്ങൾ വിലയിരുത്തും. ഇതിന് ശേഷമാകും രാജ്യം ചുമതല പൂർണമായും ഒഴിയുക. നവംബർ അവസാനം നടക്കുന്ന യോഗത്തിൽ വെർച്വലായാകും രാജ്യങ്ങൾ പങ്കെടുക്കുക.
അദ്ധ്യക്ഷ സ്ഥാനം കൈമാറിയതിന് പിന്നാലെ പ്രധാനമന്ത്രി ബ്രസീലിനെ അഭിനന്ദിച്ചു. അടുത്ത ജി20 ഉച്ചകോടിയുടെ അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്ന ബ്രസീലിന് അഭിനന്ദനങ്ങൾ എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ശനിയാഴ്ചയായിരന്നു ജി20 ഉച്ചകോടിയ്ക്ക് തുടക്കമായത്. 18ാമത് ഉച്ചകോടിയായിരുന്നു ഇന്ത്യയിൽ നടന്നത്. പ്രഗതി മൈതാനിലെ ഭാരത് മണ്ഡപം ആയിരുന്നു ഉച്ചകോടിയുടെ വേദി.
Discussion about this post