ന്യൂഡൽഹി : ജി20 ഉച്ചകോടിയെ അടയാളപ്പെടുത്താനായി ഭാരത് മണ്ഡപത്തിൽ ലോക നേതാക്കൾ പ്രതീകാത്മകമായി വൃക്ഷത്തൈകൾ നടൽ ചടങ്ങ് നടത്തി. ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങളുടെ പ്രതിനിധികൾ അത് രാജ്യങ്ങളിലെ തദ്ദേശീയ വൃക്ഷങ്ങളുടെ തൈകൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു.
ഉച്ചകോടിയിൽ പങ്കെടുത്ത ഓരോ രാജ്യങ്ങളുടെയും സ്മരണയ്ക്കായി ആ രാജ്യത്തിലെ ഒരു തദ്ദേശീയ വൃക്ഷത്തൈ ഉൾപ്പെടുത്തിക്കൊണ്ട് ഭാരത് മണ്ഡപത്തിൽ ഒരു ജി20 ഗാർഡൻ നിർമ്മിക്കുന്നതാണ്. ജി20 ഉച്ചകോടി പരിസ്ഥിതി അവബോധം വളർത്തുന്നതിനുള്ള കൂട്ടായ ശ്രമം കൂടിയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
‘വൺ ഫ്യൂച്ചർ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഉച്ചകോടിയുടെ മൂന്നാം സെഷന്റെ തുടക്കത്തിലാണ് പരിസ്ഥിതി അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി പ്രതീകാത്മക വൃക്ഷത്തൈ നടൽ ചടങ്ങ് നടത്തിയത്. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയും ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും തങ്ങളുടെ രാജ്യത്തെ തദ്ദേശീയ വൃക്ഷങ്ങളുടെ തൈകൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു.
Discussion about this post