ന്യൂഡൽഹി : ഇന്ത്യൻ വ്യോമയാന മേഖലയുടെ വളർച്ചാ അടിസ്ഥാനങ്ങൾ ശക്തമാണെന്ന് ബോയിംഗ് ഇന്ത്യ മേധാവി. ഇന്ത്യയിൽ ഇപ്പോൾ നിർമ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളും നൂതന അടിസ്ഥാന സൗകര്യങ്ങളും വ്യോമയാന മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതാണെന്ന് ബോയിംഗ് ഇന്ത്യ പ്രസിഡന്റ് സലിൽ ഗുപ്തെ വ്യക്തമാക്കി. ഇന്ത്യ ഇപ്പോൾ നടപ്പിലാക്കുന്ന തുടർച്ചയായ അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾ വളർച്ചയെ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യക്കായി നൂറുകണക്കിന് വിമാനങ്ങൾ നിർമ്മിച്ചിട്ടുള്ള അമേരിക്കൻ വിമാന നിർമ്മാണ കമ്പനിയാണ് ബോയിംഗ്. ഇന്ത്യയിൽ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിന് 100 മില്യൺ യുഎസ് ഡോളർ നിക്ഷേപവും ബോയിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തെ എക്കാലത്തെയും വലിയ ചില ഓർഡറുകൾ ഇന്ത്യയിൽ നിന്നും ഉണ്ടെന്നും അവ കാര്യക്ഷമമായി പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ് എന്നും ബോയിംഗ് അറിയിച്ചു.
ഇന്ത്യൻ വ്യോമയാന മേഖല അതിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിൽ ആണെന്നും അടുത്ത 20 വർഷത്തിനുള്ളിൽ 37,000 പൈലറ്റുമാരെയും 38,000 മെക്കാനിക്കുകളെയും പരിശീലിപ്പിക്കാനാണ് ബോയിംഗ് ലക്ഷ്യമിടുന്നതെന്നും സലിൽ ഗുപ്തെ അറിയിച്ചു. ഗ്വാളിയോറിൽ നടന്ന ഒരു എയ്‌റോസ്‌പേസ് കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post