ന്യൂഡൽഹി: ജി 20 ഉച്ചകോടിക്ക് സമാപനം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകൾക്ക് കൈയ്യടി. സമാപന പ്രസംഗത്തിൽ ‘സ്വസ്തി അസ്തു വിശ്വസ്യ’ എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി അവസാനിപ്പിച്ചത്. വിദേശരാജ്യങ്ങളിൽ നിന്നുളള അതിഥികൾക്കായി അദ്ദേഹം ലോകം മുഴുവൻ ശാന്തിയും അഭിവൃദ്ധിയും ഉണ്ടാകട്ടെയെന്ന് വിശദീകരിക്കുകയും ചെയ്തു.
ശ്രീമത് ഭാഗവതത്തിൽ പ്രഹ്ലാദ രാജാവ് ഭഗവാനോട് പ്രാർത്ഥിക്കുന്ന വാക്കുകളാണിത്. തന്റെ പിതാവ് ഹിരണ്യകശിപു ഉൾപ്പെടെ എല്ലാവരോടും കരുണ കാണിക്കണമെന്നും ലോകത്ത് സൗഭാഗ്യം പുലർത്തണമെന്നുമാണ് പ്രാർത്ഥനയിലൂടെ പ്രഹ്ലാദൻ ആവശ്യപ്പെടുന്നത്. ഈ പ്രാർത്ഥനയാണ് ജി 20 ഉച്ചകോടിയുടെ സമാപന വേദിയിലും പ്രധാനമന്ത്രി ആവർത്തിച്ചത്.
ഉച്ചകോടി മുൻപോട്ടുവെച്ച “ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി” എന്ന ആശയത്തിലേക്കുളള കർമ്മപദ്ധതികൾ സുഗമമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ജി 20 യുടെ അധ്യക്ഷ സ്ഥാനം ബ്രസീലിന് ഔദ്യോഗികമായി കൈമാറിയാണ് ഉച്ചകോടിക്ക് സമാപനം കുറിച്ചത്. നവംബർ വരെ അദ്ധ്യക്ഷ സ്ഥാനത്ത് ഇന്ത്യ തുടരും.
ഡൽഹി ഉച്ചകോടി വലിയ വിജയമാക്കി മാറ്റിയതിൽ ഇന്ത്യയെ ലോകരാജ്യങ്ങൾ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഉച്ചകോടിക്ക് വേദിയായ ഭാരതമണ്ഡപം ഉൾപ്പെടെ ഭാരതത്തിന്റെ പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന തരത്തിലായിരുന്നു സജ്ജീകരിച്ചത്.
റഷ്യ-യുക്രെയ്ൻ സംഘർഷത്തിലടക്കം സംയുക്ത പ്രഖ്യാപനം സാദ്ധ്യമാക്കിയത് ഇന്ത്യയുടെ നയതന്ത്ര വിജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ജൈവ ഇന്ധന സഖ്യവും ഇന്ത്യ- ഗൾഫ് – യൂറോപ്പ് വ്യാപാര ഇടനാഴിയുമൊക്കെ ഡൽഹി ഉച്ചകോടിയുടെ നേട്ടങ്ങളാണ്.
Discussion about this post