കോഴിക്കോട് : മതന്യൂനപക്ഷ സമൂഹങ്ങളില്‍ രാഷ്ട്രീയ എതിരാളികള്‍ പടര്‍ത്തിയ തെറ്റിദ്ധാരണ നീക്കി ബിജെപിയുമായി മെച്ചപ്പെട്ട ബന്ധം ഉണ്ടാക്കാനുള്ള പരിശ്രമത്തിന് ആവേശകരമായ പിന്തുണയാണ് ലഭിക്കുന്നതെന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ജമാല്‍ സിദ്ദിഖി. മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
‘കേരളത്തിലെ മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷ സമൂഹങ്ങളില്‍ ബിജെപിക്കു വലിയ പിന്തുണയാണ് ലഭിക്കുന്നത്. നേരിട്ട് ബിജെപിയുമായി ചേരാനുള്ള തുടക്കമെന്ന നിലയില്‍ മോദി മിത്ര എന്ന ക്യാംപെയ്‌നിലൂടെ കൂടുതല്‍ പേരെ ആകര്‍ഷിക്കും. പത്തനംതിട്ട, ഇടുക്കി, കോട്ടയം, കോഴിക്കോട് എന്നീ നാല് ജില്ലകളിലാണ് ന്യൂനപക്ഷ മോര്‍ച്ച മോദി മിത്ര പരിപാടി സംഘടിപ്പിക്കുന്നത്. ഒരു ലക്ഷം പേരെ ഇതിലൂടെ ചേര്‍ക്കും. എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ക്യാംപെയ്‌നില്‍ ഉള്‍പ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും. സുസ്ഥിരവും പുരോഗമന പരവുമായ ഭാരതത്തെ കെട്ടിപ്പടുക്കുന്നതിന് ഇവരുടെ പങ്കാളിത്തം പ്രയോജനപ്പെടുത്തും’, സിദ്ദിഖി വ്യക്തമാക്കി.
രാഷ്ട്രീയ എതിരാളികള്‍ ന്യൂനപക്ഷ സമൂഹത്തില്‍ ബോധപൂര്‍വം സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളില്ലാതാക്കാനും ന്യൂനപക്ഷ സമൂഹത്തില്‍ ആശങ്കകളില്ലാതാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് ന്യൂനപക്ഷ മോര്‍ച്ച ഈ വിഭാഗങ്ങളെ നേരിട്ട് സന്ദര്‍ശിക്കുന്നത്. മോദി സര്‍ക്കാരിനു കീഴില്‍ ന്യൂനപക്ഷ സമൂഹം കൂടുതല്‍ സുരക്ഷിതരാണെന്ന യാഥാര്‍ഥ്യം അവരെ ബോധ്യപ്പെടുത്താന്‍ ഈ യാത്ര ഏറെ സഹായകമാകുന്നുണ്ട്. വൈവിധ്യങ്ങളും വ്യത്യാസങ്ങളും പരിഗണിക്കാതെ സമൂഹത്തെ വികസനത്തിലേക്കു നയിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post