എറണാകുളം: തിരുവാർപ്പിൽ ബസ് ഉടമ രാജ്‌മോഹനെ മർദ്ദിച്ച സംഭവത്തിൽ മാപ്പ് പറയാൻ ഒരുക്കമാണെന്ന് സിഐടിയു നേതാവ് അജയൻ. ഹൈക്കോടതിയെ ആണ് അജയൻ ഇക്കാര്യം അറിയിച്ചത്. തുറന്നുകോടതിയിൽ മാപ്പ് പറയാമെന്നാണ് സിഐടിയു നേതാവ് അറിയിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് അജയൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിലാണ് ഇക്കാര്യങ്ങളുള്ളത്. പോലീസ് സംരക്ഷണം ഉള്ളപ്പോൾ ആയിരുന്നു രാജ്‌മോഹനെ അജയൻ മർദ്ദിച്ചത്. ഇതോടെ ഹൈക്കോടതി അജയനെതിരെ കോടതിയലക്ഷ്യ നടപടികളും ആരംഭിച്ചു. എന്നാൽ ഇതിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അജയൻ കോടതിയെ സമീപിക്കുകയായിരുന്നു. അപേക്ഷ പരിഗണിച്ച വേളയിൽ മർദ്ദിക്കുമ്പോൾ നിയനടപടി ഉണ്ടാകും എന്ന് ആലോചിക്കണമായിരുന്നു എന്ന് കോടതി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു മാപ്പ് പറയാമെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിച്ചത്.
അതേസമയം രാജ്‌മോഹനോട് ചോദിക്കാതെ വിഷയത്തിൽ മറുപടി നൽകാൻ കഴിയില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ കേസ് പരിഗണിക്കുന്നത് കോടതി മാറ്റി. കേസ് അടുത്ത തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.
Discussion about this post