ദിസ്പൂര്‍: അസ്സമിലെ ദിബ്രുഗഢില്‍ പെണ്‍കുട്ടിയെ കാറിടിപ്പിച്ച് കൊന്ന ശേഷം അപകടമെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം. ഞായറാഴ്ച പുലര്‍ച്ചെയാണ് 20 വയസ്സുകാരി മെഹക് ഉല്ലയുടെ മൃതദേഹം ദിബ്രുഗഡ് ടൗണ്‍ ബൈപാസില്‍ കണ്ടെത്തിയത്. അപകടം നടന്നതായി വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച പ്രതി അസീസ് അഹമ്മദിനെ കാറിന്റെ സമീപത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തു. വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരിലാണ് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. അതേസമയം മെഹക് ലവ് ദിഹാദിന് ഇരയായതാണെന്ന് കാട്ടി ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ അസീസ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുമായി കുറച്ചു നാളായി സൗഹൃദത്തിലായിരുന്നു. ശനിയാഴ്ച വൈകിട്ട് ഇയാള്‍ക്കൊപ്പം നൈറ്റ് ഡ്രൈവിന് ഇറങ്ങിയതാണ് മെഹക്. കുറച്ച് നാളായി ഇയാള്‍ പെണ്‍കുട്ടിയോട് നിരന്തരം വിവാഹാഭ്യര്‍ഥന നടത്തി വരികയായിരുന്നു. എന്നാല്‍ മെഹക് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്നില്ലെന്ന് കണ്ടതോടെ പ്രകോപിതനായ പ്രതി പെണ്‍കുട്ടിയെ കാറിടിപ്പിച്ച് കൊല്ലുകയായിരുന്നു. പിന്നീട് ഇത് വാഹനാപകടമാണെന്ന് വരുത്തി തീര്‍ക്കാന്‍ ഇയാളും വാഹനത്തിന് സമീപം കിടക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ സാരമായ മുറിവുകള്‍ ഉണ്ടായിരുന്നെങ്കിലും, അസീസിനെ മുറിവുകളൊന്നുമില്ലാതെ വാഹനത്തിന്റെ അരികില്‍ കിടക്കുന്നതായാണ് പോലീസ് കണ്ടെത്തിയത്. ഇത് പോലീസില്‍ സംശയമുളവാക്കി. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഇയാള്‍ കൊലപാതക കുറ്റം സമ്മതിച്ചത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, പെണ്‍കുട്ടി ലവ് ജിഹാദിനിരയായതാണെന്ന് കാട്ടി ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തന്റെ മകളെ കഴിഞ്ഞ ആറ് മാസമായി ഇയാള്‍ നിരന്തരമായി വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ശല്യം ചെയ്യുകയായിരുന്നതായി പെണ്‍കുട്ടിയുടെ മാതാവ് പോലീസില്‍ മൊഴി നല്‍കി. പ്രതി വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണെന്ന് അറിഞ്ഞതോടെ പെണ്‍കുട്ടി ഈ ബന്ധത്തില്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നു. എന്നാലിത് അംഗീകരിക്കാതെ നിരന്തരം ഭീഷണി ഉയര്‍ത്തുകയായിരുന്നു അസീസ്. പോലീസില്‍ പരാതി നല്‍കിയാല്‍ വലിയ ഭവിഷത്തുകള്‍ നേരിടേണ്ടി വരുമെന്നായിരുന്നു അസീസിന്റെ ഭീഷണി. ശനിയാഴ്ച വൈകിട്ട് 3.30 ഓടെ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും നിര്‍ബന്ധിച്ച് കൂടെ കൂട്ടുകയുമായിരുന്നു. കൊലപാതകം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post