ലക്നൗ : മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഉത്തർപ്രദേശ് ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. ഉത്തർപ്രദേശിന്റെ ആരോഗ്യരംഗത്തും ഈ മാറ്റങ്ങൾ പ്രകടമാണ്. ഈ വർഷം ജനുവരി 1 മുതൽ സെപ്റ്റംബർ 7 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് ജാപ്പനീസ് മസ്തിഷ്ക ജ്വരം, ചിക്കുൻഗുനിയ, മലേറിയ എന്നിവ ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നുള്ളത് ഉത്തർപ്രദേശിനെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്. 40 വർഷത്തോളമായി ഉത്തർപ്രദേശിൽ കനത്ത നാശം വിതച്ചിരുന്ന രോഗങ്ങളായിരുന്നു ഇവ. വെറും അഞ്ച് വർഷത്തിനുള്ളിൽ ഈ രോഗങ്ങളെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് നിയന്ത്രിക്കാൻ കഴിഞ്ഞു എന്നുള്ളത് വലിയ നേട്ടമായി കരുതുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അടുത്ത ലക്ഷ്യം പകർച്ചവ്യാധികളുടെ പൂർണ്ണ ഉന്മൂലനം ആണെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.
വടക്കൻ ഉത്തർപ്രദേശിലെ പല മേഖലകളിലും മുൻവർഷങ്ങളിൽ ആയിരക്കണക്കിന് കുട്ടികളായിരുന്നു മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചുകൊണ്ടിരുന്നത് . ജാപ്പനീസ് എൻസെഫലൈറ്റിസ് എന്ന ഈ അസുഖത്തെ നിയന്ത്രിക്കാൻ 2017-ൽ യുപി സർക്കാർ ഒരു ഇന്റർ ഡിപ്പാർട്ട്മെന്റ് കമ്മിറ്റി രൂപീകരിച്ചു. തൽഫലമായി ഈ വർഷം ഇതുവരെയും ജാപ്പനീസ് മസ്തിഷ്ക ജ്വരം, ചിക്കുൻഗുനിയ, മലേറിയ എന്നിവ മൂലം മരണങ്ങളൊന്നും സംഭവിച്ചിട്ടില്ല.
കേന്ദ്രസർക്കാരിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ നാഷണൽ സെന്റർ ഫോർ വെക്റ്റർ ബോൺ ഡിസീസ് കൺട്രോളിൽ ലഭ്യമായ കണക്കുകൾ പ്രകാരം 2023 ൽ ഉത്തർപ്രദേശിൽ 17 ജാപ്പനീസ് മസ്തിഷ്കജ്ജ്വര കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സർക്കാരിന്റെ കൃത്യമായ ഇടപെടൽ കൊണ്ട് മരണങ്ങളൊന്നും സംഭവിക്കാതെ ഈ കേസുകൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞു. കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ ഉത്തർപ്രദേശിലെ ജനതയ്ക്ക് ചിന്തിക്കാൻ പോലും കഴിയാതിരുന്ന കാര്യമാണ് ഇപ്പോൾ യോഗി സർക്കാർ നടപ്പിൽ വരുത്തിയിരിക്കുന്നത് എന്നാണ് യുപി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Discussion about this post