ചെന്നൈ: സനാതനധർമ്മത്തെ തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇൻഡിയ സഖ്യം രൂപം കൊണ്ടതെന്ന വിവാദ പരാമർശവുമായി ഡിഎംകെ നേതാവ് കെ പൊൻമുടി. സനാതന ധർമ്മത്തിനെതിരെ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ നടത്തിയ വിവാദ പരാമർശങ്ങൾക്ക് പിന്നാലെയാണ് പാർട്ടി അനുയായികളും സമാന നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.
സനാതൻ ഉന്മൂലന സമ്മേളനത്തിൽ സംസാരിക്കവെയാണ് പൊൻമുടിയുടെ പരാമർശം. ” ഇൻഡിയ സഖ്യത്തിലെ 26 പാർട്ടികളും സനാതന ധർമത്തിനെതിരെ പോരാടാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കും. സനാതന ധർമ്മ തത്വങ്ങൾക്കെതിരെ പോരാടാനാണ് ഇൻഡിയ സഖ്യം രൂപീകരിച്ചത് തന്നെ. ചില കാര്യങ്ങൾ ഞങ്ങൾ പാർട്ടികൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. പക്ഷേ സനാതന ധർമ്മത്തിനെതിരായ പോരാട്ടത്തിൽ ഇൻഡിയ സഖ്യം ഒറ്റക്കെട്ടായാണ് നിൽക്കുന്നത്.
സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുന്ന കാര്യത്തിൽ എല്ലാവരും യോജിച്ച് പ്രവർത്തിക്കും. തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ വിജയിച്ചതിന് ശേഷം മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നും” പൊന്മുടി അവകാശപ്പെടുന്നു. അതേസമയം പൊന്മുടിയുടെ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ രംഗത്തെത്തി. ഇൻഡിയ സഖ്യത്തിന്റെ യഥാർത്ഥ മുഖം തുറന്നു കാണിക്കപ്പെട്ട പരാമർശമാണിതെന്ന് അണ്ണാമലൈ പറഞ്ഞു.
Discussion about this post