മഴ കാലം തെറ്റി കടന്നു വരുന്നത് സാധാരണമായപ്പോൾ മഴക്കാലരോഗങ്ങളും പിടിപെടുന്നത് സർവ്വസാധാരണമായിരിക്കുന്നു. ജലദോഷം ഫ്ലു എന്നിവ ഇടക്കിടെ കടന്നു വരുമ്പോൾ ആരോഗ്യസ്ഥിതിയെ അത് താളം തെറ്റിക്കുന്നു. ഒരല്പം ശ്രദ്ധ വെച്ചാൽ ആശുപത്രികളെ ആശ്രയിക്കാതെയും വീട്ടിൽ വെച്ച് ചെയ്യാവുന്ന പരിചരണങ്ങളിലൂടെയും നമുക്ക് അസുഖങ്ങളിൽ നിന്ന് മോചനം നേടാം.
അസുഖങ്ങൾ വന്നു തുടങ്ങുമ്പോൾ തന്നെ ശരീരത്തിൽ വന്നു തുടങ്ങുന്ന ചെറിയ മാറ്റങ്ങളെ ശ്രദ്ധിക്കണം. അതിനനുസരിച്ച് ആയാസം നൽകുന്ന പ്രവൃത്തികളിൽ നിന്ന് മാറി നിൽക്കുന്നത് അസുഖങ്ങളിൽ നിന്ന് പെട്ടെന്ന് മോചനം നേടാൻ സഹായിക്കും. കടുത്ത വ്യായാമങ്ങളും അസുഖത്തിൻ്റെ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഒഴിവാക്കാം.
രോഗപ്രതിരോധശേഷി കുറയുന്നതാണ് അസുഖങ്ങൾ ശരീരത്തെ പെട്ടെന്ന് ബാധിക്കുന്നതിനുള്ള പ്രധാനകാരണം. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കണം. വിറ്റാമിൻ സി, വിറ്റാമിൻ ഡി, സിങ്ക്, സെലീനിയം എന്നിവ അടങ്ങിയ പഴങ്ങൾ, മറ്റു ഭക്ഷണപദാർത്ഥങ്ങൾ എന്നിവ ധാരാളം കഴിക്കണം. ശരീരത്തിൽ ഇവയുടെ അളവ് കുറഞ്ഞു പോവുകയാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശാനുസരണം സപ്ളിമെൻ്റ്സ് കഴിക്കേണ്ടതാണ്.
മറ്റൊന്നു വേണ്ടത് വിശ്രമമാണ്. ശരീരത്തിൻ്റെ ക്ഷീണം ഒഴിവാക്കാൻ വിശ്രമം സഹായിക്കും. നന്നായി ഉറങ്ങുന്നതും ഈ സമയത്ത് അത്യാവശ്യമാണ്. ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണപദാർത്ഥങ്ങൾ ഈ സമയത്ത് ഒഴിവാക്കാം. ദ്രവരൂപത്തിലുള്ള ഭക്ഷണം ആണ് ഏറ്റവും അനുയോജ്യം. ധാരാളം വെള്ളം കുടിക്കണം കഞ്ഞി, കരിക്കിൻവെള്ളം,ഹെർബൽ ടീ എന്നിവ ഉൾപ്പെടുത്താം. ഇത് നിർജ്ജലീകരണം തടയും. കൂടാതെ നന്നായി പാചകം ചെയ്ത പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം
സ്റ്റീം തെറാപ്പിയാണ് ഈ സമയത്ത് അനുയോജ്യമായ മറ്റൊരുകാര്യം മൂക്കിലും തൊണ്ടയിലും ശ്വാസകോശത്തിലും ഉള്ള കഫത്തെ ഇളക്കി കളയാനും ഇത് സഹായിക്കും. പാത്രം, കെറ്റിൽ, ഇലക്ട്രിക് ഇൻഹേലർ (വേപ്പറൈസർ )എന്നിവയിലേതെങ്കിലും ഇതിനുപയോഗിക്കാം. കുറഞ്ഞത് രണ്ടു മിനിറ്റ് മുതൽ അഞ്ചു മിനിറ്റ് വരെയെങ്കിലും ആവി പിടിക്കണം. സ്പോഞ്ചിംഗ് ചെയ്യുന്നത് ശരീരത്തിൻ്റെ താപനില കുറയ്ക്കാൻ സഹായിക്കും.ചെറിയ തണുപ്പുള്ള വെള്ളമാണ് ഇതിനു നല്ലത്. രോഗലക്ഷണങ്ങൾ ദിവസങ്ങളോളം നീണ്ടു നിൽക്കുകയാണെങ്കിൽ വൈദ്യസഹായം തേടണം.
Discussion about this post