തിരുവനന്തപുരം: മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ അന്തരിച്ചു. 77 വയസ്സായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ബിജെപിയുടെ മുൻ സംഘടനാ ജനറൽ സെക്രട്ടറിയാണ്. ദീർഘകാലമായി ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു അദ്ദേഹം.
കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്. രാവിലെ 8.10 ഓടെയായിരുന്നു മരണം. ജൂലൈയിൽ അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ചിരുന്നു. ഇതേ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നു. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും ചികിത്സയിൽ തുടരുകയായിരുന്നു. ഒരു മാസമായി അമൃത ആശുപത്രിയിൽ അദ്ദേഹം ചികിത്സയിൽ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായിരുന്നു.
കേരള രാഷ്ട്രീയത്തിലെ അതികായനായ നേതാവാണ് പി പി മുകുന്ദൻ. കണ്ണൂർ കൊട്ടിയൂർ സ്വദേശിയാണ്. മൃതദേഹം കൊച്ചിയിലെ ആർഎസ്എസ് കാര്യാലയത്തിൽ പൊതുദർശനത്തിന് വച്ച ശേഷം കണ്ണൂരിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന. 1989 മുതൽ 2004 വരെ ബിജെപിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നു. 2006 മുതൽ 10 വർഷം പാർട്ടിയിൽ നിന്നും പുറത്ത് നിന്നു. 2016 ൽ അദ്ദേഹം വീണ്ടും പാർട്ടിയിൽ തിരിച്ചെത്തി. 1988 മുതൽ 1995 വരെ ജന്മഭൂമി മാനേജിംഗ് ഡയറക്ടറായിരുന്നു.












