മുതിർന്ന സമാജ്വാദി പാർട്ടി നേതാവ് അസം ഖാന്റേയും ബിനാമികളുടേയും വീടുകളിൽ റെയ്ഡുമായി ആദായനികുതി വകുപ്പ്. ഉത്തർപ്രദേശിലും മദ്ധ്യപ്രദേശിലുമായി 30ഓളം ഇടങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്. ഇന്ന് പുലർച്ചെയാണ് റെയ്ഡ് ആരംഭിച്ചത്.
ഉത്തർപ്രദേശിലെ രാംപൂർ, സഹാറൻപൂർ, ലഖ്നൗ, ഗാസിയാബാദ്, മീററ്റ് എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്. അസം ഖാനും കുടുംബാംഗങ്ങളും ഭരിക്കുന്ന ട്രസ്റ്റുകളെ ചുറ്റിപ്പറ്റിയാണ് പ്രധാനമായും നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ഈ പരിശോധന നടക്കുന്നത്. ട്രസ്റ്റിന്റെ മറവിൽ നടക്കുന്ന സാമ്പത്തിക ഇടപാടുകളും സ്വത്തുക്കളെ ചുറ്റിപ്പറ്റിയുമാണ് അന്വേഷണം. എംപി ഫണ്ടും എംഎൽഎ ഫണ്ടും ഉൾപ്പെടെ ഇയാൾ വകമാറ്റി ട്രസ്റ്റിന്റെ പേരിലേക്ക് മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.
പുലർച്ചെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. അസംഖാന്റെ ഭാര്യയേയും മകൻ അബ്ദുള്ള ഖാനേയും ചില അടുത്ത ബന്ധുക്കളേയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ജൗഹർ അലി ട്രസ്റ്റിന്റെയും ഉത്തർപ്രദേശിലെ ജൗഹർ അലി ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടി ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകളും അന്വേഷണവിധേയമായി പരിശോധിക്കുന്നുണ്ട്.
Discussion about this post