കോഴിക്കോട്: നിലമ്പൂരിൽ മാവോയിസ്റ്റ് പ്രവർത്തകർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തിയ കേസിൽ മുൻ നക്സലൈറ്റ് ഗ്രോ വാസുവിനെ കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. കേസിൽ കൂട്ടുപ്രതികളെല്ലാം 200 രൂപ പിഴയടച്ച് നടപടികൾ അവസാനിപ്പിച്ചിരുന്നു. എന്നാൽ ഗ്രോ വാസു അതിന് തയ്യാറായിരുന്നില്ല.
തുടർന്ന് കേസ് പരിഗണിച്ചപ്പോൾ ഗ്രോ വാസു ഹാജരായിരുന്നുമില്ല. പിന്നാലെ ജൂലൈ 29ന് ഗ്രോ വാസുവിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു.
താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു വാസുവിന്റെ വാദം. കഴിഞ്ഞ ദിവസം കോടതിയിൽ മുദ്രാവാക്യം വിളിച്ചതിനാൽ ഓൺലൈനായി ആയിരുന്നു ഇന്ന് വാസുവിന്റെ കേസ് പരിഗണിച്ചത്. 94 വയസുകാരനാണ് വാസു.












