എറണാകുളം: സോളാർ വിഷയത്തിൽ കത്ത് ആവശ്യപ്പെട്ടത് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാന്ദൻ ആണെന്ന വെളിപ്പെടുത്തലുമായി വിവാദ ദല്ലാൾ നന്ദകുമാർ. എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് നന്ദകുമാർ ഇക്കാര്യം വെളിപ്പെടുത്തിയത്. അന്നത്തെ പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയനോടും അദ്ദേഹം ചർച്ച നടത്തിയിരുന്നുവെന്നും നന്ദകുമാർ പറഞ്ഞു.
2016 ഫെബ്രുവരിയിൽ ഉമ്മൻ ചാണ്ടിയ്ക്കെതിരെ പരാതിക്കാരി തയ്യാറാക്കിയ കത്തിനെകുറിച്ച് അന്വേഷിക്കാൻ വിഎസ് എന്നോട് ആവശ്യപ്പെട്ടു. അതിനായി ഞാൻ ശരണ്യ മനോജിനെ ഫോണിൽ ബന്ധപ്പെട്ടു. പരാതിക്കാരി എഴുതിയത് എന്ന് പറഞ്ഞു ഒരു ഡസനോളം കത്തുകൾ അദ്ദേഹം എനിക്ക് നൽകി. ഞാൻ ആ കത്തുകൾ വിഎസിന് കൊടുത്തു. ആ കത്തുകൾ എല്ലാം വിശദമായി വിഎസ് വായിച്ചു. കത്ത് കൈമാറിയതിന്റെ പ്രതിഫലമായി 1.25 ലക്ഷം പരാതിക്കാരി കൈപറ്റിയിരുന്നു. പരാതിക്കാരിയോടൊപ്പം ശരണ്യ മനോജും ഉണ്ടായിരുന്നു.
അതിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപാണ് ഞാൻ പിണറായി വിജയനെ കാണുന്നത്. കത്തിലെ കാര്യങ്ങൾ വിശദമാക്കാനാണ് അദ്ദേഹത്തെ കണ്ടത്. ഇതിന്റെ ആവശ്യത്തിനായി ഒരുപാടു തവണ പിണറായിയെ കണ്ടിട്ടുണ്ടെന്നും നന്ദകുമാർ പറഞ്ഞു.
തമ്പാനൂർ രവിയും ബെന്നി ബഹനാനും അമ്പതിനായിരം രൂപ നൽകാമെന്ന് പറഞ്ഞു പരാതിക്കാരിയെ മണിക്കൂറുകൾ നിർത്തി. എന്നോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അവർക്ക് ഉടനെ തന്നെ പണം നൽകിയത്. അത് കഴിഞ്ഞാണ് ഞാൻ ഏഷ്യാനെറ്റിലെ റിപ്പോർട്ടറായ ജോഷി കുര്യന് കത്ത് കൈമാറുന്നത്.
ദല്ലാൾ നന്ദകുമാറും പരാതിക്കാരിയും പിണറായി വിജയനെ കാണാൻ വന്നിരുന്നു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കഴിഞ്ഞ ദിവസം നിയമസഭയിൽ ആരോപണം ഉന്നയിച്ചിരുന്നു. കേരള ഹൗസിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ നന്ദകുമാർ വന്നപ്പോൾ ഇറങ്ങിപോകാനാണ് താൻ പറഞ്ഞതെന്നാണ് മുഖ്യമന്ത്രി അതിനു മറുപടി നൽകിയത്. എന്നാൽ വിഎസിന്റെ മുറിയാണെന്ന് കരുതിയാണ് ബെല്ലടിച്ചതെന്നും അദ്ദേഹം ഇറങ്ങി പോകാൻ പറഞ്ഞിട്ടില്ലെന്നും പിണറായി നിയമസഭയിൽ പറഞ്ഞത് കള്ളമാണെന്നും നന്ദകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
റൂം മാറി ബെല്ലടിച്ചപ്പോൾ നിങ്ങൾ എന്താണ് കാണിക്കുന്നതെന്ന് ചോദിച്ചു. കേരള ഹൗസിന്റെ കോറിഡോറിൽ വെച്ച് സംഭവിച്ച കാര്യമാണിത്. നന്ദകുമാർ പറഞ്ഞു
പിണറായി പാർട്ടി സെക്രട്ടറി ആയിരിക്കെ എകെജി സെന്ററിൽ വെച്ച് കണ്ടിട്ടുണ്ട്. ഒരു കേസ് വരുന്നുണ്ട്, അത് നന്നായി ഉപയോഗിച്ചാൽ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും അപ്പോൾ അദ്ദേഹത്തോട് പറഞ്ഞിരുന്നതായും നന്ദകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.












