ന്യൂഡൽഹി: ഉത്തരാഖണ്ഡ് വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംസ്ഥാനത്തെ മദ്രസകളിൽ സംസ്‌കൃതം പഠപ്പിക്കുമെന്ന് വ്യക്തമാക്കി വഖഫ് ബോർഡ് ചെയർമാൻ. അറിയിച്ചു. സമകാലിക ലോകത്തിന്റെ വെല്ലുവിളികളെ നേരിടാൻ പരമ്പരാഗത മദ്രസ വിദ്യാഭ്യാസത്തിന്റെ പരിമിതികളിൽ നിന്ന് പുറത്തുവരേണ്ടതാണെന്നും കുട്ടികളുടെ ഭാവിക്ക് നല്ലതാണെന്നും ബോർഡ് ചെയർമാൻ ഷദാബ് ഷംസ് പറഞ്ഞു. എപിജെ അബ്ദുൾ കലാമിനെപ്പോലുള്ള പ്രചോദനാത്മക വ്യക്തികളുടെ പാത പിന്തുടരാൻ ഈ സംരംഭം കുട്ടികളെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ നടപടികൾ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഉറപ്പുനൽകിയതായി ബോർഡ് ചെയർമാൻ പറഞ്ഞു.’ഉത്തരാഖണ്ഡിലെ ദേവഭൂമിയിൽ സംസ്‌കൃതം പഠിപ്പിക്കുന്നില്ലെങ്കിൽ പിന്നെ എവിടെ പഠിപ്പിക്കുമെന്ന് അദ്ദേഹം ചോദിച്ചു. വിദ്യാർത്ഥികൾക്ക് എല്ലാ ഭാഷയിലും സംസ്‌കാരത്തിലും അറിവുണ്ടായിരിക്കണം. മദ്രസകളിലെ വിദ്യാഭ്യാസം പരിമിതപ്പെടുത്തരുത്. മുസ്ലീം കുട്ടികൾക്ക് എല്ലാം പഠിക്കാനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്രസകളുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നവീകരണത്തെക്കുറിച്ച് സംസാരിച്ച ഷംസ്, ശാസ്ത്രീയ പഠനത്തിന്റെയും ഇസ്ലാമിക പഠനത്തിന്റെയും സംയോജനമാണ് പാഠ്യപദ്ധതിയെന്ന് പറഞ്ഞു. സംസ്ഥാനത്തെ 117 വഖഫ് ബോർഡ് മദ്രസയിൽ എൻസിഇആർടി സിലബസ് നടപ്പിലാക്കാൻ ഉത്തരാഖണ്ഡിലെ വഖഫ് ബോർഡ് തീരുമാനിച്ചു. എൻസിഇആർടി സിലബസിൽ സംസ്‌കൃതവും ഉൾപ്പെടുന്നു. നമ്മുടെ കുട്ടികൾക്ക് ഹിന്ദി, ഇംഗ്ലീഷ്, കണക്ക്, ശാസ്ത്രം, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കൂടാതെ അറബി, സംസ്‌കൃതവും എന്നിവ പഠിക്കാമെന്ന് ഷംസ് പറഞ്ഞു.
കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ ഏത് സഹായവും സർക്കാർ അതിന് തയ്യാറാണെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. അവരും എപിജെ അബ്ദുൾ കലാമിന്റെ പാതയിൽ സഞ്ചരിക്കും. നല്ല ആത്മവിശ്വാസത്തോടെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത മദ്രസകളിലാണ് ഈ പരിശീലനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതെന്നും ഒരു കൈയിൽ ഖുർആനും ലാപ്ടോപ്പുമായി മദ്രസയിൽ പോകുന്ന കുട്ടികളെ കാണാൻ ആഗ്രഹമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് അനുസൃതമായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post