കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻമന്ത്രി എ.സി.മൊയ്തീനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് മൊയ്തീന് ഇഡി കത്ത് നൽകിയിരിക്കുന്നത്. എ.സി.മെയ്തീൻ ഹാജരാക്കിയ രേഖകൾ അപൂർണമാണെന്നും വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും ഇഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് നോട്ടീസ് നൽകിയത്.
തന്റേയും ഭാര്യയുടേയും 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് മൊയ്തീൻ കത്ത് നൽകിയതായി ഇഡി സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്തെ മന്ത്രി, എംഎൽഎ തുടങ്ങിയ നിലകളിൽ ലഭിച്ച വേതനത്തിന്റെ രേഖകളും സർക്കാർ ജീവനക്കാരിയായ ഭാര്യയുടെ വേതനം സംബന്ധിച്ച വിവരങ്ങളും മൊയ്തീൻ കൈമാറിയിരുന്നു.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ എ.സി മൊയ്തീൻ സമർപ്പിച്ച രേഖകളും ഇഡി ശേഖരിച്ച രേഖകളും വിവരങ്ങളും തമ്മിൽ പൊരുത്തക്കേട് കണ്ടെത്തിയിരുന്നു. വരുമാനം, നിക്ഷേപങ്ങൾ, ആദായനികുതി റിട്ടേണുകൾ തുടങ്ങിയവ സംബന്ധിച്ച രേഖകളാകും പ്രധാനമായും പരിശോധിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം എ സി മൊയ്തീന്റെയും ബിനാമികളുടേയും വീടുകളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. പിന്നാലെ 15 കോടി രൂപ വില വരുന്ന വസ്തുവകകൾ ഇഡി കണ്ടുകെട്ടിയിരുന്നു. ഇടനിലക്കാരായ സതീഷ് കുമാർ, പി പി കിരൺ എന്നിവരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. എസി മൊയ്തീനുമായി അടുത്ത ബന്ധമുള്ളവരാണ് ഇവർ.
Discussion about this post