ന്യൂയോർക്ക്: അമേരിക്കയിലെ സിയാറ്റിലിൽ പോലീസ് വാഹനമിടിച്ച് ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ. വാഹനമിടിച്ച് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സമയത്ത് ഒരു പോലീസ് ഉദ്യോഗസ്ഥൻ തമാശ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ജാഹ്നവി കണ്ടുലയുടെ മരണം കൈകാര്യം ചെയ്ത രീതി അങ്ങേയറ്റം വിഷമിപ്പിക്കുന്നതും അസ്വസ്ഥതപ്പെടുത്തുന്നതുമാണെന്ന് സാൻ ഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പറഞ്ഞു.
ഈ കേസിൽ ഉൾപ്പെട്ടവർക്കെതിരെ സമഗ്രമായ അന്വേഷണവും നടപടിയും എടുക്കണം. വിഷയത്തെ ഗൗരവതരമായാണ് ഇന്ത്യൻ കോൺസുലേറ്റ് എടുത്തിരിക്കുന്നത്. അധികാരികളുമായി ബന്ധപ്പെട്ട് കോൺസുലേറ്റും എംബസിയും തുടർനടപടി കൃത്യമായി നിരീക്ഷിക്കുമെന്നും കോൺസുലേറ്റ് അറിയിച്ചു. ഇക്കഴിഞ്ഞ ജനുവരിയിലാണ് പോലീസ് പട്രോളിംഗ് വാഹനമിടിച്ച് 23കാരിയായ ജാഹ്നവി കണ്ടുല കൊല്ലപ്പെട്ടത്. നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു ജാഹ്നവി.
ജാഹ്നവിയെ ഇടിച്ചിട്ട വാഹനം ഓടിച്ചിരുന്ന പോലീസ് ഓഫിസർ കേസിന്റെ അന്വേഷണത്തെക്കുറിച്ച്, മറ്റൊരു ഉദ്യോഗസ്ഥനുമായി സംസാരിക്കുന്നതിന്റെ ഓഡിയോയും പുറത്ത് വന്നിരുന്നു. സിയാറ്റിൽ പോലീസ് ഓഫിസേഴ്‌സ് ഗിൽഡിന്റെ വൈസ് പ്രസിഡന്റ് ഡാനിയേൽ ഓദരേർ, പ്രസിഡന്റ് കെവിൻ ഡേവ് എന്നിവർ തമ്മിലുള്ള സംഭാഷണമാണ് വിവാദമായത്. താൻ ഒരാളെ ഇടിച്ചുവെന്നും അവർ മരിച്ചുവെന്നും ഡാനിയേൽ പൊട്ടിച്ചിരിച്ചു കൊണ്ട് പറയുന്നത് ഓഡിയോയിൽ വ്യക്തമാണ്. അവളൊരു സാധാരണക്കാരിയാണെന്നും പതിനൊന്നായിരം ഡോളറിൻറെ ചെക്ക് എഴുതാനും അത്രയും വിലയേ അവൾക്കുള്ളൂവെന്നും ഡാനിയൽ പറയുന്നുണ്ട്.
Discussion about this post