ഭോപ്പാൽ: പ്രതിപക്ഷ സഖ്യത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൃത്യമായ ലക്ഷ്യമോ നേതാവോ സഖ്യത്തിനില്ലെന്ന് മോദി ചൂണ്ടിക്കാട്ടി. സനാതന ധർമ്മത്തെ ഇല്ലാതാക്കുകയാണ് ഇൻഡി സഖ്യത്തിന്റെ ലക്ഷ്യമെന്നാണ് പറയുന്നതെന്നും പ്രധാനമന്ത്രി വിമർശിച്ചു. ഇന്ത്യയുടെ സംസ്‌കാരത്തെ ആക്രമിക്കുകയെന്ന ഹിഡൻ അജൻഡയാണ് അവരുടേതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മദ്ധ്യപ്രദേശിലെ ബിനയിൽ പൊതുറാലിയിൽ ആയിരുന്നു പ്രധാനമന്ത്രിയുടെ വിമർശനങ്ങൾ. സനാതന ധർമ്മം അവസാനിപ്പിക്കണമെന്ന പ്രമേയവുമായിട്ടാണ് അവർ വരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. മദ്ധ്യപ്രദേശിൽ നിരവധി വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു.
50,700 കോടി രൂപയുടെ പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്. ബിന റിഫൈനറിയിലെ പെട്രോ കെമിക്കൽ കോംപ്ലെക്‌സ് ഉൾപ്പെടെ ഇതിൽ വരും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തോളം വ്യാവസായിക പദ്ധതികളും ഇതിൽ ഉൾപ്പെടും. പരിപാടിക്ക് മുന്നോടിയായി പ്രധാനമന്ത്രിയുടെ റോഡ് ഷോയും ബിനയിൽ നടന്നു. ആയിരക്കണക്കിന് ബിജെപി പ്രവർത്തകരാണ് റോഡ് ഷോയിൽ പ്രധാനമന്ത്രിയെ കാണാൻ എത്തിയത്. പുഷ്പവൃഷ്ടിയോടെയാണ് ജനക്കൂട്ടം പ്രധാനമന്ത്രിയെ വരവേറ്റത്.
ജി 20 ഉച്ചകോടിയുടെ വിജയത്തിന്റെ മഹത്വം 140 കോടി ഇന്ത്യക്കാർക്കും അവകാശപ്പെട്ടതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ കൂട്ടായ ശക്തിയുടെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post