തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതിനാൽ വരുന്ന 5 ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വടക്കൻ ഒഡീഷയ്ക്ക് മുകളിലായാണ് ന്യൂനമർദ്ദം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.
ഇവിടെ നിന്ന് ഛത്തീസ്ഗഡ് കിഴക്കൻ മധ്യപ്രദേശ് മേഖലകളിലേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാലും, തെക്ക് കിഴക്കൻ ഉത്തർപ്രദേശിനും വടക്ക് കിഴക്കൻ മധ്യപ്രദേശിനും മുകളിലായി ചക്രവാതച്ചുഴി നില നിൽക്കുന്നതിനാലും മഴ ശക്തിപ്പെടും. നിലവിൽ ഒരു ജില്ലയ്ക്കും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
Discussion about this post