ശ്രീനഗര്‍ : സെപ്തംബര്‍ 13 ന് കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ നടന്ന ഭീകരവിരുദ്ധ പോരാട്ടത്തിൽ രാജ്യത്തിന് നഷ്ടമായത് മൂന്ന് ധീര സൈനികരെയാണ്. കേണല്‍ മന്‍പ്രീത് സിംഗ്, മേജര്‍ ആശിഷ് ധോഞ്ചക്, ജമ്മുകശ്മീർ പോലീസ് ഡിഎസ്പി ഹുമയൂണ്‍ ഭട്ട് എന്നിവരാണ് പോരാട്ടത്തിൽ വീരമൃത്യു വരിച്ചത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ജമ്മു കശ്മീരില്‍ നടന്ന ഏഴ് പ്രധാന ഭീകരാക്രമണങ്ങളില്‍ ഭാരതത്തിന് നഷ്ടമായത് 30 ധീര സൈനികരുടെ ജീവനാണ്. ഇന്ത്യന്‍ ആര്‍മിയുടെ രാഷ്ട്രീയ റൈഫിള്‍സിലെയും, പാരാ സ്പെഷ്യല്‍ ഫോഴ്സ് യൂണിറ്റിലെയും സൈനികരാണ് രാജ്യത്തിനായി വീര മൃത്യു വരിച്ചത്. രാജ്യത്തിനായി പൊരുതിയ സൈനികരുടെ പരമോന്നത ത്യാഗത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളാണ് ഈ സംഭവങ്ങള്‍.
ഏഴ് ഭീകരാക്രമണങ്ങള്‍ക്കാണ് കശ്മീര്‍ താഴ്വര രണ്ട് വര്‍ഷത്തിനിടെ സാക്ഷ്യം വഹിച്ചത്.
ആക്രമണം 1: പൂഞ്ച് (ഒക്ടോബര്‍ 11, 2021)
പൂഞ്ചിലെ ദേരാ കി ഗലിയില്‍ നടന്ന ഭീകരാക്രമണത്തില്‍ രാഷ്ട്രീയ റൈഫിള്‍സിലെ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെസിഒ) ഉള്‍പ്പെടെ അഞ്ച് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഭീകരര്‍ നുഴഞ്ഞുകയറിയതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് സൈന്യം പ്രദേശത്ത് പ്രതിരോധം നടത്തിയത്. നൈബ് സുബേദാര്‍ ജസ്വീന്ദര്‍ സിംഗ്, നായിക് മന്‍ദീപ് സിംഗ്, സൈനികരായ ഗജ്ജന്‍ സിംഗ്, സരജ് സിംഗ്, വൈശാഖ് എച്ച് എന്നിവരാണ് വീരമൃത്യു വരിച്ച സൈനികർ.
ആക്രമണം 2: പൂഞ്ച് (ഒക്ടോബര്‍ 14, 2021)
പൂഞ്ചിലെ ഭട്ട ദുരിയാനിലുണ്ടായ ആക്രമണത്തില്‍ രാഷ്ട്രീയ റൈഫിള്‍സിലെ അഞ്ച് സൈനികര്‍ കൂടി വീരമൃത്യു വരിച്ചു.
ആക്രമണം 3: രജൗരി (ഓഗസ്റ്റ് 11, 2022)
കഴിഞ്ഞ ഓഗസ്റ്റില്‍ രാഷ്ട്രീയ റൈഫിള്‍സിലെ നാല് ജവാൻമാരെയാണ് രജൗരിയിലെ പര്‍ഗലില്‍ നടന്ന ഭീകരാക്രമണത്തില്‍ രാജ്യത്തിന് നഷ്ടമായത് . സുബേദാര്‍ രാജേന്ദ്ര പ്രസാദ്, റൈഫിള്‍മാന്‍ മനോജ് കുമാര്‍, റൈഫിള്‍മാന്‍ ലക്ഷ്മണന്‍ ഡി, റൈഫിള്‍മാന്‍ നിശാന്ത് മാലിക് എന്നിവരാണ് രണ്ട് ലഷ്‌കര്‍ ചാവേറുകള്‍ക്കെതിരെ ധീരമായി പോരാടി ജീവന്‍ ബലിയര്‍പ്പിച്ചത്. ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ഭീകരുടെ നുഴഞ്ഞുകയറ്റ ശ്രമത്തിനെ ജവാന്‍മാര്‍ ശക്തമായി പ്രതിരോധിച്ചു. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ചു സൈനികരിൽ നാലുപേർ മരണത്തിന് കീഴടങ്ങി.
ആക്രമണം 4: പൂഞ്ച് (ഏപ്രില്‍ 20, 2023)
ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് വാഹനത്തിന് തീ പിടിച്ച സംഭവത്തിൽ രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിലെ അഞ്ച് സൈനികരെയാണ് നമുക്ക് നഷ്ടമായത്. ഏറ്റുമുട്ടലിനിടെ ഭീകരര്‍ ചൈന നിർമ്മിതമായ സ്റ്റീല്‍ കോര്‍ വെടിയുണ്ടകള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണം 5: രജൗരി (മെയ് 5, 2023)
പാരാ സ്പെഷ്യല്‍ ഫോഴ്സ് യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരുടെ ജീവനാണ് രജൗരിയിലെ കാന്തിയില്‍ ഭീകരര്‍ നടത്തിയ സ്‌ഫോടനത്തില്‍ പൊലിഞ്ഞത്. പാറകള്‍ നിറഞ്ഞ കൊടും കാട്ടിൽ മറഞ്ഞിരുന്ന ഭീകരര്‍ സൈന്യത്തെ ആക്രമിക്കുകയായിരുന്നു.
ആക്രമണം 6: കുല്‍ഗാം (ആഗസ്റ്റ് 4, 2023)
രാഷ്ട്രീയ റൈഫിള്‍സിലെ മൂന്ന് സൈനികരാണ് കുല്‍ഗാമിലെ ഹാലനില്‍ ഭീകരുമായുള്ള സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ചത്.
ആക്രമണം 7: അനന്തനാഗ് ഏറ്റുമുട്ടല്‍ (സെപ്തംബര്‍ 13, 2023)
ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ കോക്കര്‍നാഗില്‍ ഭീകരവിരുദ്ധ ഓപ്പറേഷനില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ധീരൻമാരെയാണ് നമുക്ക് നഷ്ടമായത്. ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള നിരോധിത സംഘടനയാണ് ആക്രമണത്തിന് പിന്നിൽ. ഓഗസ്റ്റില്‍ നടന്ന ആക്രമണത്തിന് സമാനമായ ആക്രമണമാണ് ഇത്തവണയും ഉണ്ടായത്.
രാജ്യത്തിന് നേരെ എന്താക്രമണമുണ്ടായാലും സ്വജീവൻ നൽകിയും നമ്മുടെ സൈന്യം പ്രതിരോധിച്ചിരിക്കും. ധീര സൈനികരുടെയും ജമ്മുകശ്മീർ പോലീസിൻറെയും അര്‍പ്പണബോധത്തെയും വീര്യത്തെയും പ്രകീർത്തിച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആദരാഞ്ജലികൾ പ്രവഹിക്കുകയാണ്.
ഭാരതത്തിനായി പൊരുതി വീരമൃത്യു വരിച്ച സായുധ സേനാംഗങ്ങളുടെ ധീരതയ്ക്കും പരമമായ ത്യാഗത്തിനും ബ്രേവ് സല്യൂട്ട്….
Discussion about this post