ലണ്ടൻ : 280 അടി കെട്ടിടത്തിൽ നിന്നും അബ്സീലിംഗ് നടത്തിയ ഒരു 102 വയസ്സുകാരനാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിലെ ചർച്ചാവിഷയം. രണ്ടാം ലോക മഹായുദ്ധത്തിൽ റോയൽ എയർ ഫോഴ്സിൽ പൈലറ്റ് ആയി സേവനമനുഷ്ഠിച്ചിട്ടുള്ള കോളിൻ ബെൽ എന്ന 102 വയസ്സുകാരനാണ് താരമായിരിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കാൻ ആയാണ് അദ്ദേഹം അത്തരമൊരു സാഹസിക പ്രവൃത്തി നടത്തിയത്.
17 നിലകളുള്ള റോയൽ ലണ്ടൻ ഹോസ്പിറ്റൽ കെട്ടിടത്തിൽ നിന്നാണ് കോളിൻ ബെൽ 280 അടി താഴേക്ക് കയറിൽ തൂങ്ങി ഇറങ്ങിയത്. മാദ്ധ്യമപ്രവർത്തകരടക്കം നിരവധി പേർ അദ്ദേഹത്തിന്റെ പ്രകടനത്തിന് സാക്ഷ്യം വഹിച്ചിരുന്നു. പേടി തോന്നുന്നുണ്ടോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താൻ എളുപ്പം പേടിക്കുന്ന വ്യക്തിയല്ല എന്ന് കൂളായി മറുപടി നൽകി കൊണ്ടാണ് അദ്ദേഹം തന്റെ സാഹസിക പ്രകടനം ആരംഭിച്ചത്.
പ്രായം 100 കടന്നെങ്കിലും സമൂഹത്തിനായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിയാണ് കോളിൻ ബെൽ. റോയൽ കോളേജ് ഓഫ് നഴ്സിംഗ്, RAF ബെനവലന്റ് ഫണ്ട്, ലണ്ടൻ എയർ ആംബുലൻസ് എന്നിവയ്ക്കായാണ് ബെൽ പണം സ്വരൂപിക്കുന്നത്. 102 വയസ്സുള്ള അദ്ദേഹത്തിന്റെ ധൈര്യത്തെയും ഇച്ഛാശക്തിയെയും പുകഴ്ത്തിക്കൊണ്ട് നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തുന്നത്.
Discussion about this post