ആരോഗ്യാവസ്ഥ മോശമായിട്ടും ധ്യാനിന്റെ സിനിമ കാണാനായി തീയറ്ററിലെത്തി ശ്രീനിവാസൻ. ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന സിനിമയുടെ പ്രീമിയർ ഷോ കാണാനാണ് അദ്ദേഹം എത്തിയത്. ഭാര്യയും സുഹൃത്തുക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ തീയേറ്ററിലേക്ക് വീൽ ചെയറിലാണ് എത്തിയത്.
സിനിമ കണ്ടിറങ്ങിയ ശേഷം മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. കടുത്ത ശ്വാസം മുട്ടൽ ഉള്ളതിനാൽ പ്രതികരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ അറിയിച്ചത്. ശാരീരിക അവശതകൾ തുടർന്ന് ദീർഘനാളായി ഹോസ്പിറ്റലിൽ ആയിരുന്ന ശ്രീനിവാസൻ, ആശുപത്രിയിൽ നിന്നും തിരികെ വന്ന ശേഷം വിനീത് ശ്രീനിവാസനോടൊപ്പം ‘കുറുക്കൻ’ എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് തിരിച്ചെത്തിയിരുന്നു.
സെപ്റ്റംബർ പതിനഞ്ചിന് തീയ്യറ്ററിൽ എത്തിയ സിനിമയാണ് നദികളിൽ സുന്ദരി യമുന. ധ്യാൻ ശ്രീനിവാസനും അജു വർഗീസുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി വേഷമിടുന്നത്. സിനിമയുടെ തിരക്കഥ, സംവിധാനം നവാഗത സംവിധായകരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളോറയും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്. സുധീഷ്, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, നിര്‍മ്മല്‍ പാലാഴി, ആമി, ഉണ്ണിരാജ, ഭാനു പയ്യന്നൂര്‍, ദേവരാജ് കോഴിക്കോട്, അനീഷ്, പാര്‍വ്വണ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
Discussion about this post