തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ സമ്മേളനത്തില്‍ വിവാദ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയര്‍ ലോപ്പസിനെതിരെ വനിതാ കമ്മീഷന്‍. അലന്‍സിയറുടെ പ്രസ്താവന അപലപനീയവും സാംസ്‌കാരിക കേരളത്തിന് ഒട്ടും നിരക്കാത്ത വിധത്തിലുള്ള പരാമര്‍ശമാണെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു.
“ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടുവച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന അവാര്‍ഡ് വിതരണത്തിലെ പുരസ്‌കാരം തന്നെ ഒരു സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്‍പമായി നല്‍കുന്നത്. വളരെയേറെ അഭിമാനത്തോടെ ഇത് കാണുന്നതിനു പകരം അവഹേളിച്ചു കൊണ്ട് ഒരു പ്രസ്താവന നടത്തിയത് തീര്‍ത്തും അനുചിതവും സാംസ്‌കാരിക കേരളത്തിനും ചലച്ചിത്രമേഖലയ്ക്കും ആകെ അവഹേളനം ഉണ്ടാക്കുന്ന നടപടിയാണ്”, സതീദേവി വ്യക്തമാക്കി.
പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ ആണ്‍കരുത്തുള്ള പ്രതിമ നല്‍കണമെന്നുമായിരുന്നു സ്‌പെഷല്‍ ജൂറി പുരസ്‌കാരം നേടിയ അലന്‍സിയറുടെ പരാമര്‍ശം. ആണ്‍കരുത്തുള്ള പ്രതിമ കിട്ടുമ്പോള്‍ അഭിനയം നിര്‍ത്തുമെന്നും കൂട്ടിച്ചേര്‍ത്തു. സ്‌പെഷല്‍ ജൂറി അവാര്‍ഡിനെയും അദ്ദേഹം വിമര്‍ശിച്ചു. 25000 രൂപ തന്ന് അപമാനിക്കരുതെന്നായിരുന്നു വിമര്‍ശനം.
അതേസമയം അലന്‍സിയറിന്റെ പ്രസ്താവനയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പുരുഷാധിപത്യ ബോധത്തിന്റെ ബഹിസ്ഫുരണമാണെന്നാണ് മന്ത്രി ആര്‍ ബിന്ദുവിന്റെ പ്രതികരണം.
Discussion about this post