കാസർഗോഡ് : അമ്മയെയും മകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് കളനാട്ടിലാണ് സംഭവം. കളനാട് പഞ്ചായത്ത് അരമങ്ങാനം സ്വദേശി റുബീന (30), മകളായ അഞ്ചു വയസ്സുകാരി ഹനാന മറിയം എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മതദേഹങ്ങൾ കണ്ടെത്തിയത്.
ഇവർ താമസിച്ചിരുന്ന വീടിനു സമീപപ്രദേശത്തായുള്ള ആളൊഴിഞ്ഞ സ്ഥലത്തെ കിണറ്റിൽ ആണ് മൃതദേഹം കണ്ടെത്തിയത്. റുബീനയുടെ ഭർത്താവ് താജുദ്ദീൻ വിദേശത്താണ് ജോലി ചെയ്യുന്നത്. ഈ ദമ്പതികൾക്ക് ഒരു മകൻ കൂടിയുണ്ട്. റുബീനയും മക്കളും മാതാപിതാക്കൾക്കും സഹോദരിക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നത്.
ബിരുദാനന്തര ബിരുദധാരിയായ റുബീന നിലവിൽ ഒരു പ്ലേ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു.
ഉച്ചയോടെ റുബീനയെയും മകളെയും കാണാതായിരുന്നു. റുബീന എഴുതിയതെന്ന് കരുതപ്പെടുന്ന ഒരു കത്ത് ഇവരുടെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. മകനെ നോക്കണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടിട്ടുള്ളതാണ് ഈ കത്ത്. മേൽപറമ്പ് പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് മൃതദേഹങ്ങൾ കിണറ്റിൽ നിന്നും പുറത്തെടുത്തത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹങ്ങൾ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Discussion about this post