ന്യൂഡൽഹി: പങ്കാളിത്ത രീതിയിൽ രാജ്യത്ത് 23 സൈനിക് സ്‌കൂളുകൾ കൂടി തുടങ്ങുന്നതിന് അനുമതി നൽകി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. നിലവിൽ 33 സ്‌കൂളുകളാണ് രാജ്യത്ത് പങ്കാളിത്ത രീതിയിൽ പ്രവർത്തിക്കുന്നത്. എൻജിഒകൾ, സ്വകാര്യ സ്‌കൂളുകൾ, സംസ്ഥാന സർക്കാരുകൾ എന്നിവയുടെ പങ്കാളിത്തത്തോടെ 100 പുതിയ സൈനിക സ്‌കൂളുകൾ തുടങ്ങുക എന്നതാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
അതത് വിദ്യാഭ്യാസ ബോർഡുകളുമായുള്ള അഫിലിയേഷൻ പുറമെ, സൈനിക് സ്‌കൂൾസ് സൊസൈറ്റിയുടെ കീഴിൽ കൂടിയായിരിക്കും ഇത്തരത്തിലുള്ള പുതിയ സ്‌കൂളുകൾ പ്രവർത്തിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നതാണ് സൈനിക സ്‌കൂളുകളുടെ പ്രധാന ഉദ്ദേശം.
കൂടാതെ രാജ്യത്തിന്റെ സംസ്‌കാരവും ജീവിത നൈപുണ്യവും ഉൾക്കൊളളുന്ന യുവ തലമുറയെ വാർത്തെടുക്കുകയും ഇതിന്റെ ലക്ഷ്യമാണ്. വിദ്യാർത്ഥികൾക്ക് സായുധ സേനയിൽ ചേരുന്നത് ഉൾപ്പെടെ മികച്ച തൊഴിൽ അവസരങ്ങളും ഇതുവഴി ലഭിക്കും. ആറാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് ഓൾ ഇന്ത്യ സൈനിക് സ്‌കൂൾ പ്രവേശന പരീക്ഷയിലൂടെ ഈ സ്‌കൂളുകളിലേക്ക് പ്രവേശനം നേടാം.
Discussion about this post