മകന്റെ ഭൗതികദേഹം തോളിലേറ്റി നടക്കുന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ ആയ പിതാവ്, ഒരു അച്ഛന്റെ വാത്സല്യം തനിക്ക് ഇനി അനുഭവിക്കാനാകില്ലെന്ന് പോലും മനസിലാകാതെ കരയുന്ന പിഞ്ചുകുഞ്ഞ്. അനന്തനാഗിൽ വീരമൃത്യു വരിച്ച ഡിവൈഎസ്പി ഹുമയൂൺ മുസാമിൽ ഭട്ടിന്റെ അവസാനനിമിഷങ്ങൾ ഏതൊരാളുടേയും കണ്ണ് നനയിക്കുന്നതായിരുന്നു.
2018 ബാച്ചിലെ കശ്മീർ പോലീസ് സർവീസ് ഉദ്യോഗസ്ഥനായ ഹുമയൂൺ കഴിഞ്ഞ ദിവസം കൊക്കർനാഗിലെ ഗരോൾ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് വീരമൃത്യു വരിച്ചത്. 2018ൽ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ്(ഐജിപി) ആയി വിരമിച്ച വ്യക്തിയാണ് ഹുമയൂണിന്റെ പിതാവ് ഗുലാം ഹസ്സൻ ഭട്ട്. കണ്ണുനീർ അടക്കിപ്പിടിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ മകന് അവസാന സല്യൂട്ട് നൽകിയത്.
ഒന്നര വർഷം മുൻപായിരുന്നു ഹുമയൂണിന്റെ വിവാഹം കഴിഞ്ഞത്. ഒരു മാസം മുൻപാണ് ഇദ്ദേഹത്തിന് മകൻ ജനിക്കുന്നത്. കുഞ്ഞിന്റെ ജനനം ആഘോഷമാക്കുന്നതിനിടെയാണ് കുടുംബത്തെ തേടി അപ്രതീക്ഷിതമായി ഹുമയൂണിന്റെ വിയോഗവാർത്ത എത്തുന്നത്. ഏകമകന്റെ ഭൗതികദേഹത്തിന് മുന്നിൽ പുഷ്പചക്രം അർപ്പിക്കുന്ന ഗുലാം ഹസൻ ഭട്ടിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
19 രാഷ്ട്രീയ റൈഫിൾസിലെ കേണൽ മൻപ്രീത് സിംഗ് കമാൻഡിംഗ് ഓഫീസർ മേജർ ആശിഷ് ധോഞ്ചക് എന്നിവരും അനന്തനാഗിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചിരുന്നു.
Discussion about this post