മുംബൈ : സനാതന ധർമ്മ വിവാദത്തിൽ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് എൻ സി പി ശരദ് പവാർ വിഭാഗം നേതാവായ ജിതേന്ദ്ര ഔഹാദ്. സനാതന ധർമ്മത്തെ അവസാനിപ്പിക്കണം എന്നാണ് ജിതേന്ദ്ര ഔഹാദ് പ്രസ്താവന നടത്തിയത്. ഉദയനിധി സ്റ്റാലിൻ തിരികൊളുത്തിയ സനാതന ധർമ്മ വിവാദം കെടുത്താനുള്ള ശ്രമങ്ങളിലായിരുന്നു ഇൻഡി സഖ്യം. ഇപ്പോൾ ഇൻഡി സംഖ്യത്തിലെ മറ്റൊരു നേതാവ് കൂടി ഇത്തരത്തിൽ പരാമർശം നടത്തിയത് സഖ്യത്തെ വെട്ടിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞദിവസം സനാതനധർമ്മത്തിനെതിരെ മറ്റൊരു ഡിഎംകെ നേതാവായ കെ പൊന്മുടിയും രംഗത്തെത്തിയിരുന്നു. സനാതന ധർമ്മം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇൻഡി സഖ്യം രൂപീകരിച്ചതെന്ന് പൊൻമുടി വ്യക്തമാക്കി. “രാഷ്ട്രീയ വിഷയങ്ങളിൽ ഞങ്ങൾക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം, എന്നാൽ സനാതന ധർമ്മത്തിനെതിരായ പോരാട്ടത്തിൽ ഇൻഡി സഖ്യത്തിലെ 26 പാർട്ടികളും ഒറ്റക്കെട്ടാണ്. സനാതന ധർമ്മം നിർത്തലാക്കുന്ന കാര്യത്തിൽ ഞങ്ങൾ എല്ലാവരും യോജിക്കുന്നു.” എന്നുമാണ് പൊന്മുടി പ്രസ്താവന നടത്തിയിരുന്നത്.
സനാതന ധർമ്മത്തെ നശിപ്പിക്കാനും ഭാരതത്തെയും അതിന്റെ സംസ്കാരത്തെയും ഇല്ലാതാക്കാനുമാണ് ഇൻഡി സഖ്യം ആഗ്രഹിക്കുന്നതെന്ന് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. അധികാരത്തിനോടുള്ള അത്യാർത്തിയിൽ പ്രതിപക്ഷ പാർട്ടികൾ ഇപ്പോൾ ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യയിൽ നിലനിൽക്കുന്ന സംസ്കാരത്തെ തകർക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് മോദി വ്യക്തമാക്കിയത്.
Discussion about this post