ശ്രീനഗർ : അനന്ത്‌നാഗിലെ ഗഡോലെ വനമേഖലയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ഡിഎസ്പി ഹുമയൂൺ ഭട്ട്, മരിക്കുന്നതിന് തൊട്ട് മുൻപ് പോലും സംസാരിച്ചത് കണ്ട് കൊതിതീരാത്ത തന്റെ ഒരു മാസം പ്രായമുള്ള കുഞ്ഞിനെക്കുറിച്ചാണ്. അവസാനമായി കുഞ്ഞിനെ ഒരുനോക്ക് കാണാൻ വേണ്ടി അദ്ദേഹം ഭാര്യയെ വീഡിയോ കോൾ ചെയ്തിരുന്നു.
ഭീകരരിൽ നിന്ന് അപ്പോഴേക്കും നിരവധി തവണ വെടിയേറ്റിരുന്ന അദ്ദേഹത്തിന് ജീവൻ നിലനിൽക്കുമെന്ന് ഒരു ഉറപ്പും ഇല്ലായിരുന്നു. ശരീരമാസകലം ചോരയൊലിക്കുന്ന നിലയിലാണ് അദ്ദേഹം ഭാര്യ ഫാത്തിമയെ വിളിച്ചത്.
”ഇത് ഞാൻ അതിജീവിച്ചേക്കില്ല. ഞാൻ മരിച്ചാൽ എന്റെ മകനെ നന്നായി നോക്കണം” അദ്ദേഹം ഫാത്തിമയോട് പറഞ്ഞു.
ഭാര്യയെ വിളിക്കുന്നതിന് തൊട്ട് മുൻപ് അദ്ദേഹം തന്റെ പിതാവായ റിട്ട. ഐജി ഗുലാം ഹസൻ ഭട്ടിനെ വിളിച്ചിരുന്നു. തനിക്ക് പരിക്കേറ്റിട്ടുണ്ടെന്നും എന്നാൽ എല്ലാം ‘ഓക്കെ’ ആണെന്നുമാണ് അദ്ദേഹം പിതാവിനോട് പറഞ്ഞത്. വിവാഹ വാർഷികത്തിന് രണ്ടാഴ്ച മുൻപാണ് ഹുമയൂൺ ഭട്ട് മരണത്തിന് മുന്നിൽ കീഴടങ്ങിയത്.
ബുധനാഴ്ച അനന്ത്‌നാഗ് ജില്ലയിലെ കോക്കർനാഗിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ കേണൽ മൻപ്രീത് സിംഗ്, മേജർ ആശിഷ്, ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരാണ് വീരമൃത്യു വരിച്ചത്. നിരോധിത ഭീകര സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
Discussion about this post