ന്യൂഡൽഹി : അഞ്ച് ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുകയാണ്. സമ്മേളനത്തിന് ഒരു ദിവസം മുൻപ് പുതിയ പാർലമെന്റ് മന്ദിരത്തിൽ പതാക ഉയർത്തൽ ചടങ്ങ് നിശ്ചയിച്ചിട്ടുണ്ട്. എല്ലാ പ്രധാന നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും പതിവുപോലെതന്നെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കില്ലെന്ന് അറിയിച്ചു.
കോൺഗ്രസ് പ്രവർത്തക സമിതി യോഗം നടക്കുകയാണെന്നുള്ളതാണ് ഇത്തവണ ഖാർഗെയുടെ വിശദീകരണം. എന്നാൽ ചടങ്ങിലേക്ക് ഖാർഗെയെ ക്ഷണിക്കാൻ വൈകിയതിലുള്ള അതൃപ്തിയാണ് കാരണം എന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. സെപ്തംബർ 15 ന് വൈകുന്നേരം മാത്രമാണ് ഖാർഗെയ്ക്ക് ക്ഷണക്കത്ത് ലഭിച്ചത് എന്നാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്.
സെപ്തംബർ 16-17 തീയതികളിൽ ഹൈദരാബാദിലാണ് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരുന്നത്. സെപ്തംബർ 17നാണ് പുതിയ പാർലമെന്റ് മന്ദിരത്തിൽ പതാക ഉയർത്തൽ ചടങ്ങ് നടക്കുന്നത്. മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പുതിയ പാർലമെന്റ് മന്ദിരത്തിൽ ദേശീയ പതാക ഉയർത്തുന്നത് രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധൻഖർ ആണ്.
Discussion about this post