ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് എഴുപത്തി മൂന്നാം പിറന്നാൾ. മോർണിംഗ് കൺസൾട്ടിന്റെ ഏറ്റവും പുതിയ സർവേ പ്രകാരം ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാക്കളിൽ 76 ശതമാനം അപ്പ്രൂവൽ റേറ്റിംഗോടെ പ്രധാനമന്ത്രി ഒന്നാം സ്ഥാനത്ത് തുടരുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ ഈ വർഷത്തെ പിറന്നാൾ ആഘോഷം.
രാജ്യമെമ്പാടും വിപുലമായ പരിപാടികളോടെയാണ് ബിജെപി പ്രവർത്തകർ ഇന്ന് പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷിക്കുന്നത്. നമോ വികാസ് ഉത്സവ് എന്ന പേരിലാണ് പാർട്ടിയുടെ ത്രിപുര നേതൃത്വം ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഗാന്ധി ജയന്തി വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് ബിജെപിയുടെ ഗുജറാത്ത് ഘടകം നേതൃത്വം നൽകുന്നത്.
ദ്വാരകയിലെ യശോഭൂമി ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. എഴുപത്തി മൂവായിരം ചതുരശ്ര മീറ്ററിൽ നിർമ്മിച്ചിരിക്കുന്ന ഈ കൺവെൻഷൻ സെന്ററിൽ പ്രധാന ഓഡിറ്റോറിയം ഉൾപ്പെടെ 28 മുറികളുണ്ട്. പതിനോരായിരം പേർക്ക് ഒരേ സമയം പരിപാടികളിൽ പങ്കെടുക്കാം.
1950 സെപ്റ്റംബർ 17ന് ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വട്നഗറിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് ആത്മാർത്ഥതയുടെ ആൾരൂപമായ സ്വയംസേവകനും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാന സേവകനുമായി വളർന്ന ഇതിഹാസ തുല്യമായ ജീവിതത്തിന്റെ ഉടമയാണ് നരേന്ദ്ര ദാമോദർദാസ് മോദി. കർമ്മയോഗിയായ അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ മിക്ക സംസ്ഥാനങ്ങളിലും ബിജെപി പ്രവർത്തകർ പ്രത്യേക യോഗ സെഷനുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
പല സംസ്ഥാനങ്ങളിലും ബിജെപി നേതൃത്വം ഇന്ന് പാവപ്പെട്ടവർക്ക് സൗജന്യമായി പാചക വാതക കണക്ഷനുകൾ നൽകുന്നുണ്ട്. ഗുജറാത്തിലെ സ്കൂൾ വിദ്യാർത്ഥിനികളായ 30,000 പെൺകുട്ടികൾക്ക് ബിജെപി നേതൃത്വം സൗജന്യമായി ബാങ്ക് അക്കൗണ്ടുകൾ എടുത്ത് നൽകുന്നു. രാജ്യമെമ്പാടും യുവമോർച്ചയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്.
Discussion about this post