ന്യൂഡൽഹി; പ്രതിപക്ഷ പാർട്ടികളുടെ ഇൻഡി സഖ്യത്തിൽ ഭിന്നത. ഏകോപനസമിതി സംഘടിപ്പിച്ചതിൽ സിപിഎം പോളിറ്റ്ബ്യൂറോയിൽ എതിർപ്പ്. ഇൻഡി സഖ്യത്തിലെ ഏകോപന സമിതിയിൽ സി.പി.എം പ്രതിനിധി ഉണ്ടായേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. സഖ്യവുമായി സഹകരണം മാത്രം മതിയെന്നും ഏകോപന സമിതിയിലേക്ക് സി.പി.എം പ്രതിനിധി വേണ്ടെന്നുമാണ് ഭൂരിപക്ഷ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഇടതുകക്ഷിയായ സി.പി.ഐ പ്രതിനിധി ഏകോപന സമിതിയിലുണ്ട്. സി.പി.എം പ്രതിനിധിയ്ക്ക് വേണ്ടി സമിതിയിൽ ഇടം ഒഴിച്ചിട്ടിരുന്നു. പാർട്ടി ആലോചനയ്ക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാമെന്നായിരുന്നു സി.പി.എം പ്രതികരണം. സമിതിയിൽ അംഗമാവേണ്ടതില്ല എന്നാണ് പാർട്ടി യോഗത്തിന് ശേഷം സി.പി.എം എത്തിയിരിക്കുന്ന നിലപാട്. 14 അംഗ സമിതിയിൽ സിപിഎമ്മിന് പ്രതിനിധിയില്ലാത്തത് നേരത്തെയും ചർച്ചയായിരുന്നു.
രൂപീകൃതമായി മാസങ്ങൾ പിന്നിടുമ്പോഴേക്കും ഉയരുന്ന കല്ലുകടികൾ നേതാക്കന്മാർക്ക് തലവേദനയാകുന്നുണ്ട്. നേരത്തെ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുടെ പല നിലപാടും ഇൻഡി സഖ്യത്തിൽ ഭിന്നതരൂക്ഷമെന്ന റിപ്പോർട്ടുകളിലേക്ക് വിരൽ ചൂണ്ടിയിരുന്നു.
Discussion about this post