ജയ്പൂർ : അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു സംഭവമാണ് രാജസ്ഥാനിലെ ഭാരത്പൂരിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. 26 വിരലുകളോടെ കുഞ്ഞ് ജനിച്ച സംഭവം ഡോക്ടർമാരെ ആകെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ചില ജനിതക വ്യതിയാനങ്ങൾ മൂലം പിറന്നുവീഴുന്ന കുട്ടികൾക്ക് ഒന്നോ രണ്ടോ വിരലുകൾ കൂടുതൽ വളരാൻ സാധ്യതയുണ്ട്. എന്നാൽ ആറ് വിരലുകൾ അധികം വളർന്നത് ശാസ്ത്ര ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
25 കാരിയായ സർജു ദേവിയുടെ കുഞ്ഞാണ് 26 വിരലുകളോടെ ജനിച്ചത്. രണ്ട് കൈകളിലും ഏഴ് വിരലുകൾ വീതവും കാലുകളിൽ ആറ് വിരലുകൾ വീതവുമാണ് കുഞ്ഞിനുള്ളത്. ജനിതകമായ ചില അവസ്ഥകളാണ് ഇതിന് കാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നുണ്ട്.
കുഞ്ഞുങ്ങൾക്ക് ഒന്നോ രണ്ടോ വിരലുകൾ അധികമായി ഉണ്ടാകുന്നത് പലപ്പോഴും സംഭവിക്കാറുണ്ടെങ്കിലും 26 വിരലുകളുണ്ടാകുന്നത് വളരെ അപൂർവമാണെന്ന് ഡോ. ബി.എസ് സോണി പറഞ്ഞു. 26 വിരലുകൾ ഉള്ളതുകൊണ്ട് മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല. കുഞ്ഞ് പൂർണ ആരോഗ്യത്തോടെയാണിരിക്കുന്നതെന്നും ഡോക്ടർ പറഞ്ഞു.
സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിലെ (സി.ആർ.പി.എഫ്) ഹെഡ് കോൺസ്റ്റബിളായ ഗോപാൽ ഭട്ടാചാര്യയാണ് കുഞ്ഞിൻറെ പിതാവ്. ഗോപാൽ ഭട്ടാചാര്യയും ഭാര്യയും മറ്റു കുടുംബാംഗങ്ങളുമെല്ലാം കുഞ്ഞിൻറെ ജനനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്.
Discussion about this post