അമേരിക്കയുടെ സുരക്ഷാ കവചത്തെ തള്ളി ചൈനയുമായി ചങ്ങാത്തം കൂടുന്ന കാനഡയ്ക്ക് കനത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗ്രീൻലാൻഡിന് മുകളിൽ അമേരിക്ക സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ പദ്ധതിയെ കാനഡ എതിർത്തതിന് പിന്നാലെയാണ് ട്രംപിന്റെ രൂക്ഷവിമർശനം. ചൈനയുമായി ചേർന്ന് വ്യാപാരത്തിന് മുതിരുന്ന കാനഡയെ ഒരൊറ്റ വർഷത്തിനുള്ളിൽ ചെെന വിഴുങ്ങുമെന്ന് ട്രംപ് പരിഹസിച്ചു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ആഞ്ഞടിച്ചത്. “കാനഡയ്ക്ക് കൂടി സംരക്ഷണം നൽകുന്ന പദ്ധതിയാണ് ഗോൾഡൻ ഡോം. എന്നാൽ അത് ഗ്രീൻലാൻഡിൽ സ്ഥാപിക്കുന്നതിനെ അവർ എതിർക്കുന്നു. പകരം ചൈനയുമായി ബിസിനസ്സ് ചെയ്യാനാണ് അവർക്ക് താൽപ്പര്യം. ആദ്യ വർഷം തന്നെ ചൈന അവരെ വിഴുങ്ങിക്കളയും,” ട്രംപ് കുറിച്ചു. ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി നടത്തിയ പരാമർശങ്ങൾ അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. അമേരിക്ക നൽകുന്ന സുരക്ഷ ഉൾപ്പെടെയുള്ള ‘സൗജന്യങ്ങൾ’ കാനഡ നന്ദിയോടെ കാണണമെന്നും അമേരിക്ക ഉള്ളതുകൊണ്ടാണ് കാനഡ നിലനിൽക്കുന്നതെന്നും ട്രംപ് ഓർമ്മിപ്പിച്ചു.
അടുത്തിടെ കാനഡ ചൈനയുമായി ഏഴ് ബില്യൺ ഡോളറിന്റെ പുതിയ വ്യാപാര കരാറിൽ ഒപ്പിട്ടിരുന്നു. ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കാനഡ കുറയ്ക്കുകയും പകരം കനേഡിയൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് ചൈന ഇളവ് നൽകുകയും ചെയ്യുന്നതാണ് കരാർ. അമേരിക്കയേക്കാൾ വിശ്വസിക്കാവുന്ന പങ്കാളിയാണ് ചൈന എന്ന കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. തങ്ങളുടെ അടുത്ത സുഹൃത്തിനെ ചൈനയുടെ കൈകളിലേക്ക് വിട്ടുനൽകില്ലെന്ന കർക്കശമായ നിലപാടിലാണ് അമേരിക്ക.













Discussion about this post