രഞ്ജി ട്രോഫിയിൽ ബംഗാളും സർവീസസും തമ്മിലുള്ള മത്സരത്തിനിടെ ബംഗാൾ നായകൻ അഭിമന്യു ഈശ്വരൻ പുറത്തായ രീതി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ 28-ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന താരം വെറും 81 റൺസെടുത്തു നിൽക്കെയാണ് അവിശ്വസനീയമായ രീതിയിൽ റൺ ഔട്ടായത്.
മത്സരത്തിന്റെ 41-ാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. സുദീപ് ചാറ്റർജി അടിച്ച പന്ത് ബൗളർ ആദിത്യ കുമാറിന്റെ വിരലുകളിൽ തട്ടി നേരെ സ്റ്റംപിലേക്ക് കൊണ്ടു. പന്ത് ബൗളറുടെ കൈയ്യിലാണെന്നും ഓവർ അവസാനിച്ചുവെന്നും കരുതിയ അഭിമന്യു, വെള്ളം കുടിക്കാനായി ക്രീസിൽ നിന്നും പുറത്തേക്ക് നടന്നു.
എന്നാൽ പന്ത് സ്റ്റംപിൽ കൊള്ളുമ്പോൾ ഈശ്വരൻ ക്രീസിന് പുറത്തായിരുന്നു. സർവീസസ് താരങ്ങൾ അപ്പീൽ ചെയ്തതോടെ തേർഡ് അമ്പയർ ഔട്ട് വിധിച്ചു. “എന്റെ ഇന്നിംഗ്സ് നന്നായി പോവുകയായിരുന്നു. പക്ഷേ സംഭവിച്ച അബദ്ധം എന്നെപ്പോലും അത്ഭുതപ്പെടുത്തി. എതിർ ടീം എന്നെ തിരിച്ചുവിളിക്കേണ്ടതായിരുന്നു എന്ന് ചിലർക്ക് തോന്നിയേക്കാം, പക്ഷേ അതിൽ കാര്യമില്ല. അത് പൂർണ്ണമായും എന്റെ തെറ്റായിരുന്നു. പന്ത് ബൗളർ ശേഖരിച്ചുവെന്ന് കരുതി ഞാൻ അറിയാതെ മുന്നോട്ട് നടന്നതാണ്.” ഇതാണ് താരം പറഞ്ഞത്.
ക്രിക്കറ്റ് നിയമങ്ങൾ കൃത്യമായി പാലിച്ചാണ് അമ്പയർ ഔട്ട് നൽകിയത്. ബാറ്റർ റൺ എടുക്കാൻ ശ്രമിച്ചിരുന്നില്ലെങ്കിലും പന്ത് ഡെഡ് ആകുന്നതിന് മുൻപ് ക്രീസ് വിട്ടത് വലിയ അബദ്ധമായി മാറി. ഈശ്വരൻ കാണിച്ച മാന്യതയും തന്റെ അബദ്ധം ഏറ്റുപറയാനുള്ള മനസ്സും ക്രിക്കറ്റ് ആരാധകരുടെ പ്രശംസ പിടിച്ചുപറ്റുന്നുണ്ട്.













Discussion about this post