കൊച്ചി : കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് തൃശൂർ, എറണാകുളം ജില്ലകളിലായി ഒൻപത് ഇടങ്ങളിൽ ഇഡി റെയ്ഡ് തുടരുകയാണ്. സിപിഎം നിയന്ത്രണത്തിലുളള അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക്, തൃശൂർ ജില്ലാ ബാങ്ക്, ടൗൺ സഹകരണ ബാങ്ക് എന്നിവിടങ്ങളിലാണ് റെയ്ഡ്.
ഇതിനിടെ കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാര് നടത്തിയത് 500 കോടിയുടെ ഇടപാടാണെന്ന് ഇഡി കണ്ടെത്തി. സതീഷ് കുമാരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശേധന. സതീഷ് കുമാര്‍ ബന്ധുക്കളുടെ ഉള്‍പ്പെടെ പേരില്‍ ഈ ബാങ്കില്‍ എടുത്ത നാല് അക്കൗണ്ടുകള്‍ വഴി കളളപ്പണം വെളുപ്പിച്ചുവെന്നാണ് പുതിയ കണ്ടെത്തല്‍.
സിപിഎം സംസ്ഥാന സമിതി അംഗം എം.കെ കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ അയ്യന്തോള്‍ സര്‍വ്വീസ് സഹകരണബാങ്കില്‍ നിന്നും 18.5 കോടി രൂപ വായ്പയെടുത്ത് എട്ടു വര്‍ഷമായി ഒളിവില്‍ കഴിയുന്ന അനില്‍ കുമാര്‍ എന്നയാളുടെ തൃശൂരിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. അനില്‍ കുമാറിനെ ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നത് സിപിഎം നേതാക്കളാണെന്ന് ഇഡി വ്യക്തമാക്കുന്നു.
എറണാകുളത്തെ ദീപക് എന്ന വ്യവസായിയുടെ വീട്ടിലും രാവിലെ ആരംഭിച്ച റെയ്ഡ് പുരോഗമിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നടന്ന അക്കൗണ്ടുകള്‍ ഇഡി നേരത്തെ മരവിപ്പിച്ചിരുന്നു. അക്കൗണ്ട് വഴി നടന്ന ഇടപാടുകള്‍ ഇപ്പോള്‍ പരിശോധിക്കുകയാണ്. ഈ വിവരം പുറത്ത് വന്നതോടെ, അയ്യന്തോള്‍ ബാങ്കില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിത്തുടങ്ങി.
Discussion about this post