ന്യൂഡൽഹി: ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് ഗുജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട് കാനഡ ഉയർത്തിയ ആരോപണങ്ങൾ തള്ളി ഇന്ത്യ. ഹർദീപ് സിംഗ് ഗുജ്ജാറിനെ കൊലപ്പെടുത്തിയതിൽ തങ്ങൾക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഖാലിസ്ഥാൻ ഭീകരർക്ക് കാനഡ താവളം ഒരുക്കുകയാണ്. വിഷയത്തിൽ കനേഡിയൻ സർക്കാരിന്റെ നിഷ്ക്രിയത്വം ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഹർദീപ് സിംഗ് ഗുജ്ജാറിന്റെ മരണത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയിരുന്നു. ഹർദീപ് സിംഗ് ഗുജ്ജാറിന്റെ മരണത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്ററി പ്രതിപക്ഷത്തിന്റെ അടിയന്തര സമ്മേളനത്തിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെയാണ് ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയത്.
ജൂൺ 18നാണ് ഖാലിസ്ഥാനി തീവ്രവാദിയായ ഹർദീപ് സിംഗ് ഗുജ്ജാർ കാനഡയിൽ വച്ച് വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്ക്കുള്ളിൽ വച്ച് അജ്ഞാതരായ രണ്ടുപേർ ഹർദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് തലവനായ ഹർദീപിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ കുറ്റാന്വേഷണ ഏജൻസി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറിൽ ഹിന്ദു മതപുരോഹിതനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഹർദീപിനെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കാനഡയിലെ ഇന്ത്യൻ വംശജനായ വ്യവസായി റിപുദാമൻ മാലിക്കിനെ 2022 ജൂലൈ 14ന് വെടിവച്ചുകൊന്ന കേസിലെ പ്രതി കൂടിയാണ് ഇയാൾ. ഇതടക്കം 10 എഫ്ഐആറുകൾ ആണ് ഹർദീപിനെതിരെയുള്ളത്.
Discussion about this post