കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. 36 പേരുടെ പരിശോധന ഫലമാണ് ഇനി വരാനുള്ളത്. ഇന്‍ഡക്‌സ് കേസിലെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള 281 പേരുടെ ഐസൊലേഷന്‍ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതുതായി 16 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടത്. പക്ഷെ അവര്‍ ലോ റിസ്‌ക് കാറ്റഗറിയില്‍ പെട്ടവരാണ്. നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ 21 ദിവസം ഐസൊലേഷന്‍ പൂര്‍ത്തിയാക്കണം. നിപ സ്ഥിരീകരിച്ച് ആദ്യം മരിച്ച ആളുടെ കൃഷി സ്ഥലത്ത് നിന്ന് വവ്വാലുകളുടെ സ്രവം പരിശോധിച്ചിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു. 36 വവ്വാലുകളുടെ സാമ്പിളുകളാണ് പരിശോധിച്ചത്. അവയെല്ലാം നെഗറ്റീവ് ആണ്. ഈ വ്യക്തി പോയ മറ്റു സ്ഥലങ്ങളില്‍ നിന്നും സാമ്പിളുകള്‍ പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
‘വൈറസിന്റെ ജനിതക പഠനം പൂര്‍ത്തിയായി. അവയ്ക്ക് മ്യൂട്ടേഷന്‍ സംഭവിച്ചിട്ടില്ല. 2018 , 2019, 2021 മൂന്ന് തവണയും രോഗം സ്ഥിരീകരിച്ചത് ഒരേ വൈറസില്‍ നിന്നായിരുന്നു, ഇത്തവണയും രോഗം വരുത്തിയത് സമാന വൈറസില്‍ നിന്നാണ്’, മന്ത്രി പറഞ്ഞു. അതേസമയം പന്നി ചത്ത സംഭവത്തില്‍ അസ്വാഭാവികതകളൊന്നും നിലവില്‍ ഇല്ലെന്നും ജനങ്ങള്‍ ജാഗ്ര കൈവിടരുതെന്നും അമിത ആത്മവിശ്വാസം വേണ്ട എന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മാസ്‌ക് ധരിക്കുന്നത് തുടരണം. കണ്ടെയ്ന്‍മെന്റ് വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം മികച്ചതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post