വാഷിംഗ്ടണ്‍: അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ (ഫെഡ്) റിസര്‍വ് പലിശനിരക്ക് 0.25 ശതമാനം ഉയര്‍ത്തി. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ സ്വീകരിച്ചിരുന്ന സാമ്പത്തിക ഉത്തേജക നടപടികള്‍ പടിപടിയായി പിന്‍വലിക്കാനും തീരുമാനിച്ചു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കടക്കം കടുത്ത ഭീഷണിയാണ് ഫെഡ് ബാങ്കിന്റെ പലിശയുയര്ത്തലെന്നാണ് വിലയിരുത്തല്‍. അടുത്തവര്‍ഷത്തെ വളര്‍ച്ചനിരക്ക് 2.3 ശതമാനമാകുമെന്ന ബാങ്കിന്റെ മുന്‍പ്രവചനം 2.4 ശതമാനമായി പുനര്നിര്ണയിച്ചിട്ടുമുണ്ട്. ഇതോടെ അമേരിക്കന്‍ ഓഹരിവിപണി കുതിച്ചുകയറി.
ഒമ്പതു വര്‍ഷത്തിന് ശേഷമാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയത്. 2006ലാണ് അവസാനം പലിശനിരക്ക് കൂട്ടിയത്. പലിശനിരക്ക് സംബന്ധിച്ച് തീരുമാനമെടുക്കുന്ന ഫെഡറല്‍ ഓപണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയിലെ 10 അഗങ്ങളില്‍ എല്ലാവരും തീരുമാനത്തെ പിന്തുണച്ചു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം രൂപയുടെ മൂല്യം, ഡീസല്‍, പെട്രോള്‍, സ്വര്‍ണം എന്നിവയുടെ വില, ഓഹരി വിപണി എന്നിവയെ തീരുമാനം സ്വാധീനിക്കും. ഓഹരി വിപണിക്കായിരിക്കും ഏറ്റവുംവലിയ തിരിച്ചടിയുണ്ടാവുക. ഇന്ത്യയില്‍നിന്ന് വിദേശനിക്ഷേപം ക്രമേണ പുറത്തേക്കൊഴുകാനുള്ള സാധ്യത ഏറെയാണ്.
രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍ സാധ്യതയുണ്ട്.അതേസമയം ക്രൂഡോയിലിന്റെ വില കുറയാന്‍ ഇടയുണ്ട്. അത് ഡീസലിന്റെയും പെട്രോളിന്റെയും വില കുറക്കും.
Discussion about this post