വാഷിംഗ്ടൺ: ശാരീരികവും മാനസികവുമായ പലവിധ കാരണങ്ങളാൽ പൂർണ വളർച്ചയെത്താത്ത കുഞ്ഞുങ്ങൾക്ക് ജന്മം നൽകി വേവലാതിയോടെ ചികിത്സകൾക്കായി കാത്തിരിക്കേണ്ടി വരുന്ന അമ്മമാരുടെ ദു:ഖം ഇനി അവസാനിക്കാൻ പോകുന്നു. മാസം തികയാതെ കുഞ്ഞ് ജനിക്കുന്ന അപകടകരമായ സാഹചര്യത്തിന് പരിഹാര മാർഗവുമായി എത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു പറ്റം ആരോഗ്യ വിദഗ്ധർ. കൃത്രിമ ഗർഭപാത്രം അഥവാ ബയോബാഗുകൾ എന്ന ആശയമാണ് ഇവർ വിജയകരമായി അവതരിപ്പിച്ചിരിക്കുന്നത്.
പൂർണ ആരോഗ്യമുള്ള ഒരു കുഞ്ഞ് ജനിക്കുന്നത് ബീജസംയോജനത്തിന് ശേഷം ഒൻപത് മാസങ്ങൾ പൂർത്തിയാകുമ്പോഴാണ്. എന്നാൽ പലവിധ കാരണങ്ങളാൽ പ്രസവം നേരത്തേ ആകുകയോ ഗർഭം അലസിപ്പോകുകയോ മാസം തികയാതെ കുഞ്ഞ് ജനിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. അണുബാധ, ഹോർമോൺ വ്യതിയാനങ്ങൾ, ഹൈപ്പർ ടെൻഷൻ, പ്രമേഹം തുടങ്ങിയവയാണ് ഇത്തരം അവസ്ഥകൾ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ.
മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ ഇൻക്യുബേറ്ററുകളിൽ കിടത്തി ചികിത്സിക്കുന്നതാണ് നിലവിലെ രീതി. കുട്ടിയുടെ ശാരീരിക അവസ്ഥ സ്വാഭാവികമാകുന്നത് വരെ അതീവ ശ്രദ്ധയോടെ പരിപാലിക്കേണ്ടതുണ്ട്. നേരിയ ഒരു ശ്രദ്ധക്കുറവ് പോലും കുഞ്ഞിന്റെ മരണത്തിന് കാരണമായേക്കാം.
ഈ അവസ്ഥയ്ക്ക് പരിഹാരമായാണ് കൃത്രിമ ഗർഭപാത്രങ്ങൾ നിർദേശിക്കപ്പെടുന്നത്. 28 ആഴ്ച വരെ പ്രായമായ ശേഷം പിറക്കുന്ന കുട്ടികൾക്കാണ് കൃത്രിമ ഗർഭപാത്രം ഉപകരിക്കുന്നത്. നവജാത ശിശുക്കളിലെ മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കുന്ന ഒരു ആശയമായാണ് ഇത് പരിഗണിക്കപ്പെടുന്നത്.
ചെമ്മരിയാടുകളിൽ പരീക്ഷിച്ച് വിജയിച്ച ഈ സംവിധാനം മനുഷ്യരിൽ പരീക്ഷിക്കാനുള്ള അനുമതി തേടിയിരിക്കുകയാണ് നിലവിൽ അമേരിക്കയിലെ ഫിലാഡെൽഫിയ ശിശുരോഗ ആശുപത്രി. ലബോറട്ടറികളിൽ കൃത്രിമമായി തയ്യാറാക്കുന്ന അമ്നിയോട്ടിക് ഫ്ലൂയിഡ് ബയോബാഗിൽ നിറച്ച് ഗർഭപാത്രത്തിനുള്ളിലെ ഭ്രൂണത്തിന്റെ സാധാരണ ചലനത്തിനുള്ള സാഹചര്യം ഒരുക്കുന്നു.
പൊക്കിൾക്കൊടിയുമായി ബന്ധിപ്പിച്ചിരിക്കുന്ന ബയോബാഗിലൂടെ ഓക്സിജൻ ഉൾപ്പെടെയുള്ള അവശ്യഘടകങ്ങൾ ഭ്രൂണത്തിന്റെ രക്തത്തിലേക്ക് എത്തിക്കുന്നു. ചെമ്മരിയാടിൽ ഇത്തരത്തിൽ നടത്തിയ എല്ലാ പരീക്ഷണങ്ങളും പൂർണ വിജയമായിരുന്നു എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
ഭ്രൂണത്തിന്റെ സ്വാഭാവിക വളർച്ചയും അവയവങ്ങളുടെ വികാസവും കൃത്യമായിരുന്നു എന്നാണ് വിലയിരുത്തൽ. മനുഷ്യരിൽ ക്ലിനിക്കൽ പരീക്ഷണം വിജയകരമായാൽ ഒട്ടും വൈകാതെ ഈ സംവിധാനം പ്രായോഗികവത്കരിക്കപ്പെടും. ഇതോടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മാതാപിതാക്കളുടെ കണ്ണീരൊപ്പാൻ സാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.
Discussion about this post