ന്യൂഡൽഹി : വനിതാ സംവരണ ബില്ലിന് പിന്തുണയറിച്ച് വനിതാതാരങ്ങൾ പാർലമെന്റിൽ എത്തി. കേന്ദ്ര വിവരസാങ്കേതിക, യുവജനകാര്യ, കായിക മന്ത്രിയായ അനുരാഗ് താക്കൂർ താരങ്ങൾക്ക് മധുരം നൽകിക്കൊണ്ട് സന്തോഷം പങ്കുവെച്ചു. കങ്കണ റണാവത്തും ഇഷാ ഗുപ്തയും സ്വപ്ന ചൗധരിയും അടക്കമുള്ള താരങ്ങളാണ് പാർലമെന്റ് സന്ദർശിച്ചത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പ്രവേശന ചടങ്ങ് നടത്തിയ ഇന്ന് പ്രത്യേക ക്ഷണിതാക്കൾ ആയിരുന്നു ഈ താരങ്ങൾ.
“പുതിയ പാർലമെന്റിന്റെ ആദ്യ സമ്മേളനം സ്ത്രീ ശാക്തീകരണത്തിനും ഉന്നമനത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്നു. ഇത് ഭരണകക്ഷിയും നമ്മുടെ പ്രധാനമന്ത്രിയും നടത്തിയ വലിയ ഒരു പ്രസ്താവനയാണ്. അദ്ദേഹത്തിന് ഏത് വിഷയവും തിരഞ്ഞെടുക്കാമായിരുന്നു. എന്നാൽ സ്ത്രീകൾ, പെൺകുട്ടികൾ, യുവതികൾ, പ്രായമായ സ്ത്രീകൾ എന്നിവർക്ക് മുൻഗണന നൽകാൻ അദ്ദേഹം തീരുമാനിച്ചു. പ്രധാനമന്ത്രി മോദി സ്ത്രീകൾക്ക് മുൻഗണന നൽകി.” എന്ന് കങ്കണ വനിതാബില്ലിനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.
പുതിയ പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിൽ തന്നെ വനിതാ സംവരണ ബിൽ പാസാക്കാനുള്ള ഈ നടപടി പ്രധാനമന്ത്രി മോദി സ്വീകരിച്ചത് മനോഹരമായ കാര്യമാണെന്ന് ഇഷ ഗുപ്ത പറഞ്ഞു. ഇത് വളരെ പുരോഗമനപരമായ ചിന്തയാണെന്നും അവർ വ്യക്തമാക്കി. വനിതാ ബിൽ ചരിത്രപരമാണെന്നാണ് എല്ലാ താരങ്ങളും ഒരേ സ്വരത്തിൽ വ്യക്തമാക്കിയത്.
Discussion about this post