ഇംഫാൽ : മണിപ്പൂരിൽ സൈനിക വേഷം ധരിച്ചെത്തി ആയുധങ്ങൾ കൊള്ളയടിച്ച വ്യാജന്മാർ അറസ്റ്റിൽ. ഇവരിൽ നിന്നും രണ്ട് റൈഫിളുകളും 128 ലധികം വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. അഞ്ചു പേരെയാണ് മണിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ജൂണിൽ മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിന്റെ ആദ്യ കാലങ്ങളിലാണ് സംഭവം നടന്നത്.
മണിപ്പൂരിലെ നിരോധിത വിമത സംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ മുൻ കേഡറായ 45 കാരനായ ഒരാളെയും ദേശീയ സുരക്ഷാ നിയമപ്രകാരം മണിപ്പൂർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതേസമയം അറസ്റ്റ് ചെയ്ത പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇംഫാലിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വയോധികരായ ആദിവാസി സ്ത്രീകളുടെ കൂട്ടായ്മയായ മീരാ പൈബിസ് ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുറൈയിലും കോങ്ബയിലും ഇംഫാൽ വെസ്റ്റ് ജില്ലയിലെ കക്വയിലും ബിഷ്ണുപൂർ ജില്ലയിലെ നമ്പോലിലും തൗബാൽ ജില്ലയുടെ ചില ഭാഗങ്ങളിലും റോഡുകൾ ഉപരോധിച്ചു.
ആയുധങ്ങൾ മോഷ്ടിച്ച അഞ്ചു പ്രതികളെ തടവിലാക്കിയ പോലീസ് സ്‌റ്റേഷനിലേക്ക് അതിക്രമിച്ചുകയറാനും വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനക്കൂട്ടം ശ്രമിച്ചു. തുടർന്ന് പോലീസ് കണ്ണീർവാതക ഷെൽ പ്രയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്. പൊതുജനങ്ങളിൽ അവിശ്വാസം ഉണ്ടാക്കാൻ കലാപകാരികൾ പട്ടാളത്തിന് സമാനമായ യൂണിഫോം ധരിച്ച് അക്രമങ്ങൾ നടത്തുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതിൽ കർശന നടപടി എടുക്കുമെന്ന് മണിപ്പൂർ പോലീസ് അറിയിച്ചു.
Discussion about this post