ന്യൂഡല്‍ഹി : വാട്‌സാപ്പിന്റെ പുതിയ ചാനല്‍ ഫീച്ചറിന് വന്‍ സ്വീകാര്യതയാണ് ഇന്ത്യയില്‍ ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും വാട്‌സാപ്പില്‍ ചാനല്‍ ആരംഭിച്ചു കഴിഞ്ഞു. ലോകത്തിലെ ഏറ്റവും ശക്തനായ നേതാവിന് ആരാധകര്‍ ഏറെയെന്ന് തെളിയിക്കുന്നതായിരുന്നു പ്രധാനമന്ത്രിക്ക് ലഭിച്ച സ്വീകാര്യത. വാട്‌സാപ്പ് ചാനല്‍ തുടങ്ങി ഒരു ദിവസത്തില്‍ നരേന്ദ്രമോദിയെ ഫോളോ ചെയ്തത് 1.2 മില്യണ്‍ ആളുകളാണ്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇരിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രമാണ് ചാനലിലെ ആദ്യ പോസ്റ്റ്. ഇതിന് മാത്രം ഏകദേശം ഒന്നര ലക്ഷം പ്രതികരണങ്ങള്‍ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. പ്രധാനമന്ത്രിക്ക് ജനങ്ങളുമായി കൂടുതല്‍ അടുത്തിഴപഴകുന്നതിനും വിവരങ്ങള്‍ അപ്പോള്‍ തന്നെ പങ്ക് വയ്ക്കുന്നതിനും ഈ ചാനല്‍ സഹായിക്കും.
‘വാട്ട്സാപ്പ് കമ്മ്യൂണിറ്റിയുടെ ഭാഗമാകുന്നതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്! ജനങ്ങളുമായി തുടര്‍ച്ചയായ ഇടപെടലുകള്‍ നടത്തുന്നതിന് ഇത് സഹായിക്കും. നമുക്ക് ഇവിടെ ബന്ധം സജീവമായി നിലനിര്‍ത്താം! പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നുള്ള ഒരു ചിത്രം ഇതാ…’, പ്രധാനമന്ത്രി തന്റെ ആദ്യ പോസ്റ്റില്‍ കുറിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അദ്ദേഹം വാട്‌സാപ്പ് ചാനല്‍ ആരംഭിച്ചത്.

ഭാരതത്തിന്റെ പൈതൃകവും പാരമ്പര്യവും കാത്ത് സൂക്ഷിക്കുന്നതിനോടൊപ്പം നൂതന സാങ്കേതിക വിദ്യകള്‍ക്ക് അത്രത്തോളം പ്രധാന്യം നല്‍കുകയും ചെയ്യുന്നുവെന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേകത. ലോകത്തിന്റെ ഏത് കോണിലായാലും ജനങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലാന്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും മോദി ഉപയോഗപ്പെടുത്താറുണ്ട്. അതിനാല്‍ തന്നെ അത്രയധികം ആരാധകരും അദ്ദേഹത്തിനുണ്ട്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് വാട്ട്സ്ആപ്പ് ആഗോളതലത്തില്‍ ചാനല്‍ സേവനം പുറത്തിറക്കിയത്. ഇമോജി പ്രതികരണ ഓപ്ഷനുള്ള ഒരു വണ്‍-വേ പ്രക്ഷേപണ മാധ്യമമാണിത്. കത്രീന കൈഫ്, അക്ഷയ് കുമാര്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം, മോഹന്‍ലാല്‍, മമ്മൂട്ടി അടക്കം നിരവധി പ്രശസ്ത സെലിബ്രിറ്റികള്‍ വാട്ട്സ്ആപ്പ് ചാനലുകള്‍ ആരംഭിച്ചിട്ടുണ്ട്.










Discussion about this post